മുംബൈ: ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അയ്യായിരത്തോളം പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചു വിടലിന് ഒരുക്കം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിആര്‍എസും പ്രഖ്യാപിച്ചിട്ടുണ്ട്.
പിരിച്ചു വിടലിന്റെ ഭാഗമായി മൂന്നു മുതല്‍ ആറ് മാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് ജീവനക്കാര്ക്ക് നല്‍കി തുടങ്ങി. കമ്പനിയിലെ മുതിര്‍ന്ന തൊഴിലാളികള്‍ക്കാണ് വിആര്‍എസ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ജോലി ചെയ്തു വരുന്നവരെ ടാറ്റ സണ്‍സിന്റെ മറ്റു കമ്പനികളില്‍ തന്നെ തൊഴില്‍ നല്‍കാനും പദ്ധതിയുണ്ട്. മറ്റു ജോലിയ്ക്ക് പ്രാപ്തിയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക. കടക്കെണിയിലായ കമ്പനി ഉടന്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സൂചിപ്പിക്കുന്നത്.
2018 മാര്‍ച്ച് 31 ഓടെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ പിരിഞ്ഞു പോകുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളം കൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി. ഒരു കോടി രൂപ വരെയാണ് സര്‍ക്കിളിന്റെ തലപ്പത്തുള്ളവര്‍ക്ക് നല്‍കി വരുന്ന ശമ്പളം. കഴിഞ്ഞ മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 5101 ജീവനക്കാരാണ് കമ്പനിയിലുള്ളത്.