X
    Categories: indiaNews

ജി.എസ്.ടിയിലും ഇരുട്ടടി; ജനത്തെ പിഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ചണ്ഡീഗഡ്: കൂടുതല്‍ ഉത്പന്നം ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്ന് ജനത്തെ കൊള്ളയടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചണ്ഡീഗഡില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ 47ാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നത്. യോഗം ഇന്നും തുടരും.പാല്‍, തൈര്, പനീര്‍ എന്നിവക്കും അരിയും ഗോതമ്പും അടക്കമുള്ള പാക് ചെയ്യാതെ വരുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ പാക് ചെയ്ത് വില്‍ക്കുമ്പോഴും ബാങ്കുകള്‍ അനുവദിക്കുന്ന ചെക്കും 5 ശതമാനം സ്ലാബിലാക്കാനാണ് നീക്കം. ഉണക്കിയ പയറുവര്‍ഗം, പച്ചക്കറി, മക്കാന, ആട്ട, ശര്‍ക്കര, അരിപ്പൊരി, ഓര്‍ഗാനിക് ഭക്ഷ്യോത്പന്നം, കാര്‍ഷികാവശ്യത്തിനുള്ള ചാണകം, കമ്പോസ്റ്റ് എന്നിവയും 5 ശതമാനം സ്ലാബിന്റെ പരിധിയില്‍ വരും.

സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ലെതര്‍ ഉത്പന്നം എന്നിവയുടെ നികുതി 5ല്‍ നിന്ന് 12 ശതമാനത്തിലേക്ക് മാറ്റും. പ്രിന്റിങ് മഷി, പെയിന്റിങ് മഷി, എ ല്‍.ഇ.ഡി ബള്‍ബുകള്‍, ചിത്രരചനാ ഉപകരണം എന്നിവയുടെ നികുതി 12ല്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് മാറ്റും. പാക്ക് ചെയ്യാത്തതും ലേബലില്ലാത്തതും ബ്രാന്‍ഡഡ് അല്ലാത്തതുമായ ഉത്പന്നം മാത്രമായിരിക്കും ജി.എസ്.ടി പരിധിക്ക് പുറത്തുണ്ടാവുക. ജി.എസ്.ടി നടപ്പാക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്തുന്നതിനുള്ള പ്രത്യേക കേന്ദ്ര സഹായത്തിന്റെ കാലാവധി ഈ മാസം തീരാനിരിക്കെയാണ് യോഗം.

Chandrika Web: