X

അബുദാബിയിൽ ടോൾ പാലങ്ങൾ കടക്കാൻ ദർബിൽ അക്കൗണ്ട് നിർബന്ധം, പണവും

അബുദാബി: തലസ്ഥാന നഗരിയിലെ ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് ദർബ്.

അബുദാബിയിൽ വാഹനമോടിക്കുന്നവരും ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലെത്തുന്നവരും ദർബിൽ റജിസ്റ്റർ ചെയ്തു വേണം വാഹനവുമായി എത്താൻ. ഷെയ്ഖ് ഖലീഫ ബിൻ സായിദ്, അൽ മഖ്ത, മുസഫ, ഷെയ്ഖ് സായിദ് എന്നീ 4 പ്രധാന പാലങ്ങളിലാണ് ടോൾ ഗേറ്റ്.

100 ദിർഹത്തിന് ദർബിൽ റജിസ്റ്റർ ചെയ്യാം. ഇതിൽ 50 ദിർഹം ടോളിന് ഉപയോഗിക്കാം. ഒരു തവണ യാത്ര ചെയ്യാൻ 4 ദിർഹം ഈടാക്കും.ഇ– വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കി.

പിഴ ഒഴിവാക്കാൻ വാഹന ഉടമകൾ എത്രയും വേഗം ദർബ് അക്കൗണ്ട് എടുക്കണം. http://darb.itc.gov.ae എന്ന വെബ് സൈറ്റ് വഴിയും ‘ദർബ് ‘ മൊബൈൽ ആപ്പിലൂടെയും ദർബ് അക്കൗണ്ട് ഉണ്ടാക്കാം.
ട്രാഫിക് ഇ- അക്കൗണ്ട് ഉള്ളവരും ദർബ് അക്കൗണ്ട് നവീകരിക്കണം. സ്വകാര്യ വാഹനങ്ങൾ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹമേ ഈടാക്കൂ. ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിൽ ആദ്യ വാഹനത്തിന് പ്രതിമാസ ടോൾ 200 ദിർഹവും മറ്റു വാഹനങ്ങൾക്ക് എണ്ണം അനുസരിച്ച് 150, 100 എന്നിങ്ങനെയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം. കമ്പനികളുടെ വാഹനങ്ങൾക്ക് ബാധകമല്ല.

പണമില്ലാതെ ടോൾ പാലം കടന്നാൽ പിഴ

ദർബ് അക്കൗണ്ടിൽ പണമില്ലെങ്കിൽ ആദ്യം 100 ദിർഹം, രണ്ടാം തവണ 200, മൂന്നും അതിൽ അധികവുമായാൽ 400 എന്നിങ്ങനെയാണ് പിഴ. ഇവർക്ക് ദർബിൽ റജിസ്റ്റർ ചെയ്യാൻ 10 ദിവസം സാവകാശം നൽകിയ ശേഷമാകും പിഴ ഈടാക്കുക.

മതിയായ തുക ദർബ് അക്കൗണ്ടിൽ ഇല്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ. പണം അക്കൗണ്ടിലിടാൻ 5 ദിവസം സാവകാശം ലഭിക്കും. ടോൾ മറികടക്കാൻ നമ്പർ പ്ലേറ്റിൽ തിരിമറി നടത്തിയാൽ പിഴ 10,000 ദിർഹം. വാഹന ലൈസൻസ് മാറ്റുക, പുതുക്കുക തുടങ്ങിയവയ്ക്ക് വാഹനത്തിന്റെ പേരിൽ ദർബ് അക്കൗണ്ട് വേണം.

ഇതര എമിറേറ്റിലുള്ള വാഹനങ്ങളുടെ ഇടപാടുകളിലും ഇത് നിർബന്ധമാണ്. ദർബ് പിഴയുണ്ടെങ്കിൽ അത് അടച്ച ശേഷമേ അപേക്ഷകളിൽ നടപടിയുണ്ടാകൂ. സഹായത്തിനും സംശയ നിവാരണത്തിനും 80088888.

webdesk13: