X

ഡാങ്കെയാണ് ശരി-കെ.എന്‍.എ ഖാദര്‍

കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ ശ്രമിക്കണം. സ്വയം ശക്തിപ്പെടുകയും വേണം. ഏറ്റവും ചുരുങ്ങിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അവരില്‍ നിന്നുണ്ടാവരുത്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇടതുപക്ഷങ്ങള്‍ക്കാവില്ലല്ലോ. ആ പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനൊരു കര്‍മ്മ പദ്ധതിയും വേണമല്ലോ. സി.പി.എമ്മിനോട് ഒരു രാഷ്ട്രീയ വിയോജിപ്പ് സി.പി.ഐ രേഖപ്പെടുത്തുന്നത് സ്വന്തം വ്യക്തിത്വവും അസ്തിത്വനും വേറിട്ടു കാണാന്‍ മാത്രമാണെങ്കില്‍ അതില്‍ കാര്യമില്ല. ഈ വാദഗതികള്‍ ഇതിനേക്കാള്‍ ഭംഗിയായും താത്വിക തലത്തിലും ശാസ്ത്രീയമായും അവതരിപ്പിച്ചിരുന്ന അനേകം പ്രതിഭാധനരായ നേതാക്കള്‍ കാനത്തിനും ബിനോയിക്കും മുമ്പേ കടന്നു പോയിട്ടുണ്ട്. അതില്‍ ഏറ്റവും ശക്തനായ ബുദ്ധിജീവി സഖാവ് ഡാങ്കെയായിരുന്നു. ആ വഴി പിന്തുടര്‍ന്ന അനേകരെ സി.പി.ഐ ചരിത്രത്തില്‍ കണ്ടെത്തന്‍ കഴിയും. അവരുടെ നയങ്ങളും നിലപാടുകളും രാജ്യത്തിനും പാര്‍ട്ടിക്കും ഗുണകരവുമായിരുന്നു.

മൊഹിത് സെന്‍, കല്യാണ സുന്ദരം, സത്യപാര്‍ഡാങ്, റോസാദേശ് പാണ്ഡെ, യോഗീന്ദ്രശര്‍മ്മ ഇവര്‍ ആ നിലപാടുകാരായിരുന്നു. ഇപ്പോഴും കേരളത്തിലെ സാധാരണ സി.പി.ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ മഹാഭൂരിപക്ഷം പേരും സി.പി.എമ്മിന്റെ എതിര്‍പക്ഷത്താണെന്ന് തെളിയും. അവരുടെ വളര്‍ച്ചക്ക് ഏറ്റവും വിഘാതമായി നില്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. കേരളത്തിലെ മുഖ്യമന്ത്രിപദം വരെ സി.പി.ഐ നേടിയത് മാര്‍ക്‌സിസ്റ്റുകളുടെ പിന്തുണയില്ലാതെയും അവരുടെ രൂക്ഷമായ എതിര്‍പ്പിനെ അവഗണിച്ചുമാണ്. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കപ്പെട്ടതും പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞതുമായ ബദല്‍ രേഖകള്‍ ഒരിക്കല്‍കൂടി വായിച്ചു നോക്കിയാല്‍ ബിനോയിയും കാനവും പാര്‍ട്ടിയും ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണ്ടത്ര കിട്ടും. ഇടക്കിടെ സി.പി.എമ്മിനെതിരെ തികട്ടിവരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴത്തെ നയം വേണ്ടത്ര ദഹിക്കാതെ കിടക്കുന്നതുകൊണ്ടാണ്. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും രണ്ട് നയങ്ങളും തീര്‍ച്ചയായും ഒരേ ലക്ഷ്യത്തിലേക്കുള്ളതല്ല. അക്കാരണം കൊണ്ടാവാം രണ്ടു പാര്‍ട്ടികളുടെയും ലയനം എന്ന മുദ്രാവാക്യം പലപ്പോഴായി സി.പി.ഐ മുന്നോട്ടു വെച്ചിട്ടുള്ളത്. അവയെല്ലാം സി.പി.എം ചവച്ചു തുപ്പിയിട്ടുണ്ട്. നിലവിലുള്ള സി.പി.ഐക്കാര്‍ ഏതു വിധത്തിലെങ്കിലും ലയിച്ച് സി.പി.എമ്മിനകത്തു കടന്നാല്‍ പിന്നെ അതില്‍ നിന്നാരും പുറത്തുകടക്കാനിടയില്ല. അങ്ങോട്ടു ചെല്ലുമ്പോള്‍ കൊണ്ടുപോയ നയം പോയ വഴിയും കാണില്ല. ഒന്നുങ്കില്‍ സി.പി.ഐ മൊത്തം കോണ്‍ഗ്രസില്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ കൂടുതല്‍ പുരോഗമന സ്വഭാവമുള്ളതാക്കണം. കോണ്‍ഗ്രസ് ആണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പെറ്റ തള്ള. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന പേരില്‍ കോണ്‍ഗ്രസിനകത്തുതന്നെ ജനിച്ചവരാണല്ലോ കമ്യൂണിസ്റ്റായത്. തറവാട്ടിലേക്ക് തിരിച്ചു പോകുന്നതില്‍ തെറ്റില്ല. അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതര മുന്നണിക്ക് പിന്തുണ നല്‍കണം. കേരളത്തില്‍ പഴയതുപോലെ യു.ഡി.എഫില്‍ ചേര്‍ന്ന് ഘടകകക്ഷിയാവണം.

1978 ലെ 11ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നയമാണ് 78 നു ശേഷം ആ പാര്‍ട്ടിയെ ദുര്‍ബലമാക്കിയത്. പാര്‍ട്ടി ഉണ്ടായ നാള്‍ മുതല്‍ അവര്‍ സ്വീകരിച്ച നയങ്ങള്‍ അതോടെ അനാഥമായി. 1964 ല്‍ സി.പി.ഐയെ വെട്ടിപിളര്‍ത്തി സി.പി.എം നിലവില്‍ വന്നു. വന്ന നാള്‍ മുതല്‍ സി.പി.ഐ അവരുമായി അതിശക്തമായ ആശയ സമരങ്ങളില്‍ ഏര്‍പ്പെട്ടു. 1978 മുതല്‍ അതും നിര്‍ത്തി. വിപ്ലവത്തെ ക്ഷീണിപ്പിക്കുകയാണ് പിളര്‍പ്പ് ചെയ്തത്. അതിന് സാര്‍വദേശീയ കാരണങ്ങളും ഉണ്ടായിരുന്നു. ചൈനയുടെ ശക്തമായ പ്രേരണ അതിലൊന്നാണ്. അതേ ചൈന തന്നെയാണ് സി.പി.എമ്മില്‍ നിന്നും മാവോയിസ്റ്റുകളെ ജനിപ്പിച്ചത്. പ്രത്യയശാസ്ത്ര യുദ്ധത്തില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണ സി.പി.ഐക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. പ്രത്യയശാസ്ത്രപരമായി നേരിടാനാകാതെ വന്നപ്പോള്‍ സി.പി.എം സി.പി.ഐയെ കായികമായി നേരിട്ടു. അനവധി പച്ചമനുഷ്യരെ സി.പി.ഐക്കാരാണെന്ന കാരണത്താല്‍ വെട്ടിക്കൊന്നു. സാധ്യമാവുന്ന എല്ലാ ദ്രോഹങ്ങളും സി.പി.എം സി.പി.ഐക്കെതിരെ അഴിച്ചുവിട്ടു. കോണ്‍ഗ്രസ്, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ സി.പി.ഐ ആ രാഷ്ട്രീയ യുദ്ധം ജയിച്ചു. അവര്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊയ്തു. മുഖ്യമന്ത്രി പദവികളും മികച്ച വകുപ്പുകളില്‍ മന്ത്രി സ്ഥാനങ്ങളും മേയര്‍ പദവികളും ഒക്കെ അവര്‍ സ്വന്തമാക്കി. സോവിയറ്റ് റഷ്യയുടെ തകര്‍ച്ച വരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണയും അവര്‍ക്ക് തണലേകി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധം സി.പി.ഐ ദേശീയ നേതാക്കള്‍ക്കുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്കും ബ്രഷ്‌നേവിനുമിടയിലും ഇന്ത്യക്കും റഷ്യക്കും ഇടയിലും ഒരു പാലമായി നല്ല സന്ദേശവാഹകരായി സി.പി.ഐ പ്രവര്‍ത്തിച്ചു. റഷ്യയും ഇന്ത്യയും നേതാക്കളും സി.പി.ഐ നേതാക്കളെ വിശ്വസിച്ചു. 1975 ലെ അടിയന്തരാവസ്ഥയെ പോലും സി.പി.ഐ അനുകൂലിച്ചു..സോവിയറ്റ് റഷ്യയോട് കൂറ് പുലര്‍ത്തുന്ന.ഇന്ദിരാ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജത്വവും സി. ഐ.എ ഏജന്റുമാരും ഇന്ത്യയിലെ തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയ കക്ഷികളും ഒന്നുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയും കലാപവും അടിച്ചമര്‍ത്താനും തകര്‍ക്കാനും ഫാഷിസ്റ്റ് ശക്തികള്‍ അന്നു തന്നെ അധികാരത്തില്‍ വരുന്നതിനെ തടയാനുമായിരുന്നു അടിയന്തരാവസ്ഥ. അതിനെ ജനസംഘവും സ്വതന്ത്ര പാര്‍ട്ടിയും ആര്‍.എസ്.എസും എതിര്‍ക്കുന്നതില്‍ പുതുമയില്ലല്ലോ. സി.പി.എമ്മും അതിനെ എതിര്‍ത്തു. ബി.ജെ.പിക്കാരും സി.പി.എമ്മുകാരും ആര്‍.എസ്.എസുകാരും ഒരുമിച്ച് തടവില്‍ കിടന്നകാലമായിരുന്നു അത്. സാമ്രാജ്യത്ത ഗൂഢാലോചനയെ അടിയന്തിരാവസ്ഥകൊണ്ട് നേരിട്ട ഇന്ദിരയേയും കോണ്‍ഗ്രസിനെയും പിന്തുണക്കാതെ നിര്‍വാഹമില്ലല്ലോ. സി.പി.ഐ അത് ചെയ്തു. അത് തെറ്റായിരുന്നില്ല. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന സാമ്പത്തിക പരിപാടിക്ക് പ്രചാരണവും പിന്തുണയും നല്‍കാന്‍ അന്ന് സംസ്ഥാന ജാഥകള്‍ നടത്തി. ഈ ലേഖകന്‍ ക്യാപ്റ്റനും പന്ന്യന്‍ രവീന്ദ്രന്‍ വൈസ് ക്യാപ്റ്റനുമായും നടന്ന ജാഥ ഇന്നും ഓര്‍ക്കുന്നു. മറ്റൊരു ജാഥ നയിച്ചത് എം നസീര്‍ ആയിരുന്നു. അതുപോലെ അനവധി ക്യാമ്പയിനുകള്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ വലതുപക്ഷ അട്ടിമറിയില്‍ നിന്നും രക്ഷിക്കാനായി സി.പി.ഐ നടത്തി. അതത്രയും ശരിയായിരുന്നു. അതു തന്നെയാണ് അടിയന്തിരാവസ്ഥക്കു ശേഷവും തുടരേണ്ടിയിരുന്നത്. ഇന്നത് കൂടുതല്‍ പ്രസക്തമായി. 1978ല്‍ ഭട്ടിന്‍ഡയാല്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ 11ാം കോണ്‍ഗ്രസ് എല്ലാം തകര്‍ത്തു. ഇടക്കാലത്തും അടിയന്തിരാവസ്ഥക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളും മാധ്യമങ്ങള്‍ നടത്തിയ വന്‍ ദുഷ്പ്രചരണങ്ങളും സൃഷ്ടിച്ച വികാര വിക്ഷോഭങ്ങളില്‍ വീണ സി.പി.ഐക്ക് വിവേകം നഷ്ടമായി. ശരിയായ നയങ്ങള്‍ക്കു വേണ്ടി വന്ന ബദല്‍ രേഖകള്‍ തള്ളിക്കളഞ്ഞുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലേക്ക് മാറി. സി.പി.എമ്മിനോട് ചങ്ങാത്തം സ്ഥാപിക്കാന്‍ തിടുക്കം കാണിച്ചു. 1978 ലെ മുഖ്യമന്ത്രിയായിരുന്ന പി.കെ. വിയെ രാജിവെപ്പിച്ചു. ഭരണം മാര്‍ക്‌സിസ്റ്റുകാര്‍ക്ക് നിരുപാധികം ഏല്‍പ്പിച്ചു കൊടുത്തു. അവര്‍ ഭരണം തിരിച്ചുപിടിക്കാന്‍ കാലങ്ങളായി വെയിലുകൊള്ളുകയായിരുന്നു. 1969 ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തഴഞ്ഞ് അച്യുതമേനോനെ കൊണ്ടുവന്ന് ഭരണം പിടിച്ചത് ബുദ്ധി. 1978 ല്‍ പി.കെ.വിയെ കളഞ്ഞ് ഭരണം മാര്‍ക്‌സിസ്റ്റുകാര്‍ തിരിച്ചു കൊടുത്തത് ഹിമാലയന്‍ ബ്ലണ്ടര്‍. കേരളം കണ്ട ഏറ്റവും മികച്ച ഭരണം അച്യുതമേനോന്‍ ഭരണമായിരുന്നു. അന്നു തുടങ്ങിയ കഷ്ടകാലമാണ് ഇപ്പോഴും സി.പി.ഐ അനുഭവിക്കുന്നത്. പോയ നല്ല കാലത്തിന്റെ ഓര്‍മ്മകളാണ് സി.പി.ഐയില്‍ നിന്ന് ഇടക്കിടെ ദീര്‍ഘനിശ്വാസമായി പുറത്തു വരുന്നത്. ആ കാറ്റു പോകുമ്പോള്‍ കിട്ടുന്ന ഒരു സുഖമല്ലാതെ അതിന് വല്ല തുടര്‍ച്ചയും കാണുമെന്ന് കരുതാന്‍ വയ്യ.
കാലമേറെ കടന്നുപോയി. ഗംഗയിലൂടെ ഏറെ ജലം ഒഴുകി, യുഗങ്ങള്‍ നീന്തിനടക്കുന്ന ഗംഗയില്‍ പണ്ട് സഖാക്കള്‍ തന്നെ പാടിയപോലെ താമരമുകുളങ്ങള്‍ വിരിഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും തോണി നടുകടലിലാണ്. കൊടുങ്കാറ്റില്‍ അത് ആടിയുലയുകയാണ്. ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും നയം പിന്തുടരാന്‍ ഇവിടെ ആരുമുണ്ടായില്ല. കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു. കത്തുന്ന പുരയുടെ ഊരിപ്പോരുന്ന കഴുക്കോലിന്റെ അറ്റം മാത്രമാണ് പിണറായിയുടെ കൈകളില്‍ അവശേഷിക്കുന്നത്. സി.പി.ഐ മാറാന്‍ ധൈര്യം കാണിക്കണം. കോണ്‍ഗ്രസും ഇതര മതേതര ശക്തികളും യോജിച്ച് നില്‍ക്കുമ്പോള്‍ അതിനോട് ചേരണം. ശൂന്യത നികത്താന്‍ പര്യാപ്തമായ ഒരു ബദല്‍ അന്വേഷിച്ചു തുടങ്ങണം. ജയിച്ചു കൊള്ളണമെന്നില്ല. തോല്‍വിയുടെ ആഘാതം കുറക്കണം. യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിവിധി തേടണം. സംഘ്പരിവാരവും സഖ്യകക്ഷികളും രാജ്യ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെടണം. തിരഞ്ഞെടുപ്പ് ഘട്ടത്തിലെ സാഹചര്യമനുസരിച്ച് പകരം ആരെങ്കിലും വരട്ടെ. ഈ ഭരണം തുടര്‍ന്നുകൂടാ. കോണ്‍ഗ്രസും സഖ്യകക്ഷികളും വരുന്നത് ഏറെ സന്തോഷം തന്നെ.

Test User: