ന്യൂഡല്‍ഹി: വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാനുള്ള ആര്‍ബിഐ നീക്കത്തിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം. അപകടകരമായ അജണ്ട എന്നാണ് ചിദംബരം ഇതിനെ വിശേഷിപ്പിച്ചത്. ബാങ്കിങ് വ്യവസായത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നിര്‍ദേശമെന്നും അദ്ദേഹം ആരോപിച്ചു.
‘ബാങ്കിങ് വ്യവസായത്തിലെ മൊത്തം നിക്ഷേപം 140 ലക്ഷം കോടി രൂപയാണ്. ചെറിയ മൂലധനത്തില്‍ സ്വന്തമായി ബാങ്കുകള്‍ ഉണ്ടാക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ രാജ്യത്തെ വന്‍ സാമ്പത്തിക സ്രോതസ്സ് നിയന്ത്രിക്കാന്‍ അവര്‍ക്കാകും’ – ചിദംബരം ചൂണ്ടിക്കാട്ടി. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ധനവും ശക്തിയും വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദേശത്തിലൂടെ കടന്നു പോയ വേളയില്‍ രാഷ്ട്രീയ ബന്ധമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആദ്യം ലൈസന്‍സ് കിട്ടുമെന്നാണ് ബോധ്യപ്പെട്ടത്. ഇതോടെ അധികാരത്തിലെ അവരുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്യും- ചിദംബരം വ്യക്തമാക്കി.
നേരത്തെ, നിര്‍ദേശത്തിനെതിരെ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയും രംഗത്തെത്തിയിരുന്നു. ചില ബിസിനസ് സ്ഥാപനങ്ങളില്‍ അധികാരം കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നതാണ് നിര്‍ദേശമെന്നാണ് അവര്‍ വ്യക്തമാക്കിയിരുന്നത്.