X

സുല്‍ത്താനെ മറികടന്നു: ബോളിവുഡില്‍ റെക്കോര്‍ഡിട്ട് ദംഗല്‍

മുംബൈ: ആമിര്‍ഖാന്റെ ദംഗല്‍ ഭരണം തിയേറ്ററുകളില്‍ തുടരുന്നു. ഇതിനകം തന്നെ ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രം മറ്റൊരു നാഴികകല്ല് കൂടി പിന്നിടുന്നു. സിനിമാ പ്രേമികള്‍ കാത്തിരുന്നത് പോലെ ദംഗല്‍ സല്‍മാന്‍ ചിത്രം സുല്‍ത്താനെ മറികടന്നിരിക്കുന്നു. ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ 300 കോടി നേടിയെന്ന നേട്ടമാണ് ദംഗല്‍ സ്വന്തമാക്കിയത്. ബോളിവുഡില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ ചിത്രം കൂടിയാണ് ദംഗല്‍. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് ദംഗല്‍ മുന്നൂറ് കോടി ക്ലബ്ബിലെത്തിയത്.

സല്‍മാന്‍ഖാന്റെ ബജ്റംഗി ഭായ്ജാന്‍ (2015), സുല്‍ത്താന്‍ (2016), ആമിര്‍ഖാന്റെ തന്നെ പികെ (2014) എന്നിവയാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്. ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങിയ ദംഗല്‍ വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം ഗുസ്തിയാണ് . സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ കൈകാര്യം ചെയ്തതും ഗു്‌സ്തിയായിരുന്നു.

സംസ്ഥാ സര്‍ക്കാര്‍ തീരുമാനപ്രകാരം കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം എന്ന നിലയ്ക്ക് ദംഗല്‍ ടാക്‌സ് ഫ്രീയായിട്ടാണ് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും ദംഗലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പി.കെ ആയിരുന്നു ആമിറിന്റെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പി.കെയും 300 കോടി ക്ലബ്ബിലെത്തി. വേള്‍ഡ് വൈഡ് കളക്ഷനിലും ദംഗല്‍ കുതിപ്പ് തുടരുന്നുവെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

chandrika: