മുംബൈ: ആമിര്‍ഖാനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ഗുസ്തി പ്രമേയമായ ചിത്രം ദംഗല്‍ ഈ വര്‍ഷത്തെ മികച്ച ഹിറ്റിലേക്ക് നീങ്ങുന്നു. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് തന്നെ 100 കോടി കടന്ന ദംഗല്‍ ഈ വര്‍ഷം തന്നെ 300 കോടി ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ചൊവ്വാഴ്ച വരെ 155.53 കോടിയാണ് ദംഗല്‍ വാരിക്കൂട്ടിയത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താനാണ് ഈ വര്‍ഷത്തെ മികച്ച കളക്ഷന്‍.
അതേസമയം സുല്‍ത്താനെയും മറികടന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ ദംഗലിനാവുമെന്നാണ് ചലച്ചിത്ര മേഖലയിലെ വിദഗ്ധാഭിപ്രായം. 300 കോടിയിലധികം സ്വന്തമാക്കിയ സുല്‍ത്താനാണ് ഈ വര്‍ഷത്തെ പണം വാരിയ ചിത്രം. ധോണിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയാണ്(133.04 കോടി) ദംഗലിന് പിന്നിലുള്ള മൂന്നാമത്തെ പണംവാരിയ പടം. സുല്‍ത്താനെ മറികടന്ന് ദംഗലിന് ഈ വര്‍ഷം തന്നെ 300 കോടി ക്ലബ്ബിലെത്താനാവുമോ, അതോ ബോളിവുഡില്‍ കളക്ഷനില്‍ റെക്കോര്‍ഡിടാനാവുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
പുതുവര്‍ഷ ദിനങ്ങളും മുന്നില്‍ നില്‍ക്കെ തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കും. ദംഗലിന് ഇന്ത്യക്ക് പുറത്തും മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. പി.കെയാണ് ആമിറിന്റെ മുന്‍ സിനിമ. ഇതും മികച്ച അഭിപ്രായത്തിന് പുറമെ വന്‍ കളക്ഷനും സ്വന്തമാക്കിയിരുന്നു.