കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക് പറ്റിയ കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ലഭിച്ച ഗിന്നസ് റെക്കോര്‍ഡ്‌സിനു പരാതി നല്‍കി അധ്യാപകന്‍. പരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഷിനോ പി. ജോസ് ആണ് ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രസിഡന്റിന് പരാതി നല്‍കിയത്.
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നും പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിയെടുത്തെന്നും സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയം. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് ആരോപിച്ചു.
പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നിയില്ല. ഒരു രാത്രി കൊണ്ടുവന്ന കടലാസിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും നികോഷ്് പറഞ്ഞു.