കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിങ് ഡയറക്ടര്‍ എം. നിഗോഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി. നിഗോഷിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചക്ക് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിഗോഷ് കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച നിഗേഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
അതേസമയം കേസിലെ മൂന്നാം പ്രതി ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ്. ജനീഷ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങാത്തതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.
മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അതേസമയം, നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയിരുന്ന നടി ദിവ്യ ഉണ്ണി യു.എസിലേക്ക് മടങ്ങി.
മൃദംഗ വിഷന്‍ സി.ഇ.ഒ എ.ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ, നിഗോഷ്‌കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ വിശ്വാസവഞ്ചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. നിഗോഷ്‌കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ നരഹത്യശ്രമത്തിനും കേസെടുത്തിരുന്നു.