ദമ്മാം : കെഎംസിസി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം മെഗാ ഇവന്റ് നവംബര്‍ 25 നു ദമ്മാമിലെ ടൊയോട്ടയിലുള്ള ക്രിസ്റ്റല്‍ ഹാളില്‍ വെച്ചു നടക്കും. ഉച്ചക്ക് 12.30 ന് രെജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന പ്രോഗ്രാം രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രഗല്‍ഭ പ്രാസംഗികനും സംസ്ഥാന മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി,കേരളം ശ്രീ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
പ്രസ്തുത സമ്മേളനത്തില്‍ വെച്ചു ഗോപിനാഥ് മുതുകാടിനെ ദമ്മാം കെഎംസിസി ഏര്‍പ്പെടുത്തിയ ഹൈദറലി ശിഹാബ് തങ്ങളുടെ പേരിലുള്ള പ്രഥമ മാനവ സേവാ പുരസ്‌കാരം നല്‍കി ആദരിക്കും.ഒരു ലക്ഷം രൂപയും,പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അബ്ദുല്‍ ഖാദര്‍ ചെങ്കള,മന്‍സൂര്‍ പള്ളൂര്‍ ,സാജിദ് ആറാട്ടുപുഴ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.അതോടൊപ്പം തന്നെ ബിസിനെസ്സ് രംഗത്തെ മികച്ച മുന്നേറ്റത്തിന് Energia CEO ഷാഹിദ് ഹസ്സന് ബിസിനെസ്സ് എക്‌സലെന്‍സി അവാര്‍ഡും ,പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് കാസര്‍ഗോഡ് ജില്ല കെഎംസിസി ട്രഷറര്‍ നവാസ് അബൂബക്കര്‍ അണങ്കൂറിനു യൂത്ത് വെല്‍ഫെയര്‍ അവാര്‍ഡും നല്‍കി ആദരിക്കും.
കിഴക്കന്‍ പ്രവിശ്യയിലുള്ള ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ‘മാലാഖാമാര്‍ക്കൊപ്പം മുതുകാട് ‘എന്ന സെഷനും അതിനോടനുബന്ധിച്ചു നടക്കും. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായി കിഡ്സ് ഫെസ്റ്റ്,കേക്ക് ഫെസ്റ്റ്,ഫുഡ് ഫെസ്റ്റ്,തുടങ്ങിയ വിവിധയിനം കലാ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.അതോടൊപ്പം തന്നെ ദമ്മാം കെഎംസിസി യുടെ 40 വര്‍ഷത്തെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും,എക്‌സിബിഷനും ഉണ്ടായിരിക്കും.ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി 101 പ്രവര്‍ത്തകരടങ്ങുന്ന സ്വാഗത സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.സൗദി അറേബ്യയിലെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ സന്നിഹിതരാകുന്ന പ്രസ്തുത ഫെസ്റ്റില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ ഹമീദ് വടകര,മുജീബ് കൊളത്തൂര്‍,മാലിക് മഖ്ബൂല്‍,റഹ്മാന്‍ കാരയാട് ,അസ്ലം കൊളക്കോടന്‍, മഹമൂദ് പൂക്കാട്,ഖാദര്‍ അണങ്കൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.