X

കോഴിക്കോട് സ്വദേശി ദമ്മാമിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കോഴിക്കോട് മാവൂര്‍ ചെറൂപ്പ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. വൈത്തലകുന്നുമ്മല്‍ അഫ്സല്‍ (29 ) ആണ് ബുധനാഴ്ച രാവിലെ റിയാദ് ദമാം ഹൈവേയില്‍ ഹുറൈറക്ക് സമീപം വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല്‍ ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു.
കടയിലേക്കുള്ള സാധനങ്ങള്‍ എടുക്കാനായി പുലര്‍ച്ചെ ദമാമില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. രാവിലെ എട്ട് മണിയോടെ ദമാമില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതൈന്‍ പാലം കഴിഞ്ഞ ഉടനെ അഫ്സല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ സഊദി പൗരന്റെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ അഫ്സലിന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിക്ക് സാരമുള്ളതല്ല. ഇയാള്‍ ബെല്‍റ്റ് ധരിച്ചിരുന്നതായും അഫ്സല്‍ ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നുമാണ് വിവരം.

എട്ട് വര്‍ഷമായി ദമാമിലുള്ള അഫ്‌സല്‍ നാട്ടില്‍ പോയിവന്നത് നാല് മാസം മുമ്പാണ്. നാട്ടില്‍ വീടിന്റെ പണി നടന്നുകൊണ്ടിരിക്കയായിരുന്നു. പിതാവ് : വി കെ ഹമീദ്, മാതാവ് : സുഹറാബി , ഭാര്യ ഷംന ഓമാനൂര്‍, മക്കള്‍: മുഹമ്മദ് അജ്നാസ് (5), ഫാത്തിമ തന്‍ഹ (3). സഹോദരന്‍ വി കെ ഫൈസല്‍ . മയ്യത്ത് ഹുറൈറയിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞു സ്പോണ്‍സറും ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിലുള്ള കെഎംസിസി നേതാക്കളായ ബഷീര്‍ മൂന്നിയൂര്‍ , മാമു നിസാര്‍ ഫറോക്ക് , അഷ്റഫ് ഗസല്‍, മുസ്തഫ പള്ളിക്കല്‍ , റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം പ്രതിനിധി അലി അക്ബര്‍ റിയാദ് എന്നിവരും അനന്തര നടപടികള്‍ നീക്കാന്‍ രംഗത്തുണ്ട്.

 

Test User: