മുംബൈ: കനത്ത മഴക്കു പിന്നാലെ മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ആറു മരണം. പതിനെട്ടു പേരെ കാണാനില്ല. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഇന്നലെ രാത്രിയാണ് തിവാരെ അണക്കെട്ട് തകര്‍ന്ന് ദുരന്തമുണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.
അതേസമയം 19 വര്‍ഷം പഴക്കമുള്ള ഡാമിന് ചോര്‍ച്ചയുണ്ടായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ അധികൃതരെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വിവിധ ഇടങ്ങളില്‍ ഇപ്പോഴും മഴ ശക്തിയായി പെയ്തു കൊണ്ടിരിക്കുന്നു. ഇന്നലെ മാത്രം പെയ്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.
താഴ്ന്ന ഗ്രാമപ്രദേശങ്ങളായ ആകില്‍, റിക്‌റ്റോലി, ഒവാലി, കല്‍കാവ്‌നെ, നന്ദിവാസെ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിവിധ ഇടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.