എപി ഉണ്ണികൃഷ്ണൻ
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. 1948 ൽ മദിരാശിയിലെ രാജാജി ഹാളിൽ വെച്ച് രൂപീകരിച്ച മുസ്‌ലിം ലീഗ് പാർട്ടി ഇന്ന് ഏഴര പതിറ്റാണ്ടിന്റെ അഭിമാന കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിനപ്പുറം ദലിത് രാഷ്ട്രീയവും ലീഗ് പറഞ്ഞു കൊണ്ടേയിരുന്നു. ഈ രണ്ടു സമുദായങ്ങളും ഈ രാജ്യത്ത് ഒരേ രീതിയിൽ പ്രയാസങ്ങൾ അനുഭവിച്ചു വരുന്നു എന്ന് മുസ്‌ലിം ലീഗ് മനസിലാക്കിയിരുന്നു. ദലിത് വിഭാഗങ്ങളെ പൊതു സമൂഹത്തിൽ ഉയർത്തി കൊണ്ടുവരാൻ 1948 മുതലേ മുസ്‌ലിം ലീഗ് രാഷ്ട്രീയം ശ്രദ്ധിച്ചു പോന്നിരുന്നു. എം. ചടയൻ, കെപി രാമൻ മാസ്റ്റർ, യുസി രാമൻ, എപി ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടനവധി ദലിത് നേതാക്കളെ ഉയർത്തി കൊണ്ടുവന്ന് പൊതു സമൂഹത്തിന് സമർപ്പിക്കുവാൻ ലീഗിന് സാധിച്ചു. 1952 ൽ നടന്ന പ്രഥമ തെരത്തെടുപ്പിൽ മദിരാശി നിയമസഭയിലേക്കും കേരള സംസ്ഥാനം രൂപപെട്ടത് മുതൽ മൂന്ന് തവണ കേരള നിയമസഭയിലേക്കും മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച ദലിത് നേതാവായിരുന്നു എം ചടയൻ. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിൽ ജനിച്ച ചടയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും ദലിത് വിഭാഗങ്ങൾക്കും ഏറെ പ്രതീക്ഷ നൽകിയിരുന്ന നേതാക്കളിൽ ഒരാളായിരുന്നു. മലപ്പുറം ദ്വയാംഗ മണ്ഡലത്തിൽ ലീഗ് നേതാവായിരുന്ന കെഎം സീതി സാഹിബിനോടൊപ്പമായിരുന്നു എം ചടയൻ മത്സരിച്ചിരുന്നത്. രണ്ടു പേരും വിജയിച്ചെങ്കിലും സീതി സാഹിബിനെ ക്കോൾ കൂടുതൽ ഭൂരിപക്ഷം ചടയന് ലഭിച്ചു എന്നത് ഏറെ രസകരമായ കാര്യമായിരുന്നു.
മറ്റൊരു ദലിത് നേതാവായിരുന്നു കെപി രാമൻ മാസ്റ്റർ. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ജനിച്ച അദ്ദേഹം ഒട്ടനവധി പ്രയാസങ്ങളിലൂടെയാണ് ജീവിതം കടന്നുപോയത്. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട രാമൻ മാസ്റ്ററെ എംകെ ഹാജിയാണ് ചെറുപ്പം മുതൽ തന്നെ പോറ്റിവളർത്തിയത്. തിരൂരങ്ങാടി യത്തീംഖാനയിൽ പഠിച്ച രാമൻ മാസ്റ്റർ പിന്നീട് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ അജയ്യനായ നേതാവായി മാറുകയായിരുന്നു. 1970 ൽ അദ്ദേഹം മഞ്ചേരി മണ്ഡലത്തിൽ നിന്നും എംഎൽഎ യായി. പിന്നീട് 1977, 1980, 1982 വർഷങ്ങളിൽ കുന്ദമംഗലത്തു നിന്നും വിജയിച്ചു. കെപി രാമൻ മാസ്റ്റർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് പദവും അലങ്കരിച്ചിരുന്നു. കൂടാതെ ഖാദി ബോർഡ് വൈസ് ചെയർമാനും പിഎസ് സി. മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു. മുസ്‌ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിയു വിന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.
പിന്നീട് കുന്ദമംഗലത്തു നിന്നും യുസി രാമൻ രണ്ടു തവണ എംഎൽഎ യായി. അദ്ദേഹത്തിന്റെ വരവോടെ ദലിത് ലീഗിന് രൂപം കൊടുക്കുകയും ന്യൂനപക്ഷ-ദലിത് രാഷ്ട്രയെത്തെ ഒരു കുടകീഴിൽ ഉൾപെടുത്താനും സാധിച്ചു. ദലിത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി യുസി രാമനും ജനറൽ സെക്രട്ടറിയായി എപി ഉണ്ണികൃഷ്ണനുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2015 മുതൽ 20 വരെ എപി ഉണ്ണികൃഷ്ണൻ പ്രസിഡന്റായിരുന്നു. ഇന്ന് കേരളകരയിൽ ഇരുന്നുറ്റി അൻപതിലേറെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ആനുപാതികമായി അധ്യക്ഷൻ ഉപാധ്യക്ഷൻമാരും ഉണ്ട്. ദലിത് രാഷ്ട്രീയത്തിന് ഇന്ത്യാ രാജ്യത്ത് ഒറ്റക്കുള്ള ഒരു പോരാട്ടം സാധ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രയാണത്തിലാണ് ദലിത് ലീഗ് . അതിന് വേണ്ട സഹായ സഹകരണങ്ങൾ നൽകി ന്യൂനപക്ഷ രാഷ്ട്രീയത്തെയും പരിപോഷിപ്പിക്കുവാൻ മുസ്‌ലിം ലീഗ് രാഷ്ട്രീയം ശ്രദ്ധ ചെലുത്തുന്നു എന്നതാണ് വർത്തമാന കാലഘട്ടം ചർച്ച ചെയ്യുന്നത്.