X
    Categories: indiaNews

ബി.ജെ.പി നേതാവിന്റെ തോട്ടത്തില്‍ ദളിതുകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു

ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാപ്പി തോട്ടത്തില്‍ 16 ദളിതുകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരില്‍ ഗര്‍ഭിണിയായ ദളിത് യുവതിക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബി.ജെ.പി പ്രാദേശിക നേതാവ് ജഗദീഷ് ഗൗഡ, മകന്‍ തിലക് ഗൗഡ എന്നിവര്‍ക്കെതിരെ ദളിതുകള്‍ക്കെതിരായ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്. അതേ സമയം ഇരുവരും പാര്‍ട്ടിയുടെ നേതാക്കളല്ലെന്നാണ് ബി. ജെ.പി നേതൃത്വം പറയുന്നത്. ബി.ജെ.പിയെ പിന്തുണക്കുന്ന സാധാരണ വോട്ടര്‍ മാത്രമാണെന്നും ബി.ജെ.പി വക്താവ് പറഞ്ഞു. ജാഗുഗഡ്ഡ ഗ്രാമത്തില്‍ ബി.ജെ.പി നേതാവിന്റെ തോട്ടത്തില്‍ ദിവസ വേതന തൊഴിലാളികളാണ് ക്രൂരമായ അക്രമത്തിനിരയായ ദളിതുകള്‍. ഉടമയില്‍ നിന്നും ഒമ്പത് ലക്ഷം രൂപ ഇവര്‍ കടം വാങ്ങിയതായും ഇത് തിരിച്ചു നല്‍കാത്തതിനാണ് പൂട്ടിയിട്ട് മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഒമ്പതാം തീയതി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസെത്തുമ്പോള്‍ 8-10 പേരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും ഉടമയുമായി സംസാരിച്ച ശേഷം ഇവരെ തുറന്നു വിട്ടെന്നും പൊലീസ് പറയുന്നു. നാലു കുടുംബത്തില്‍ നിന്നുള്ള 16 പേരെ 15 ദിസമാണ് പൂട്ടിയിട്ടത്.

Test User: