X

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കുമെന്ന് ഹരിയാനയിലെ ദളിതർക്ക് ഭയം; റിപ്പോർട്ട്

400 സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തിയാൽ തങ്ങൾക്ക് ലഭിച്ച് പോരുന്ന സംവരണം എടുത്ത് കളയുമോയെന്ന് ഭയമുണ്ടെന്ന് ഹരിയാനയിലെ ദളിത് വിഭാഗങ്ങൾ. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ചർച്ചകൾ ഈ ഭയത്തെ അധികരിക്കുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. .

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

‘ഹിന്ദുത്വത്തെ തരം താഴ്ത്താൻ കോൺഗ്രസ് കൊണ്ടുവന്ന പല കൂട്ടിച്ചേർക്കലുകളും തിരുത്താൻ ബി.ജെ.പി സർക്കാരിന് 400 സീറ്റുകൾ വേണം,’ എന്നായിരുന്നു തന്റെ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഡ്‌ഗെ പറഞ്ഞത്.

എന്നാൽ ബി.ജെ.പി പിന്നീട് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും മറ്റ് പല നേതാക്കളും ഇതേ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ദളിത് വിഭാഗത്തിന്റെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രചരണവുമായി ബി.ജെ.പി വന്നെങ്കിലും അത് ദളിത് വിഭാഗത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.

ദളിത് വിഭാഗങ്ങളുടെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മോദി പലകുറി ആവർത്തിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിലെ ദളിത് നേതാക്കൾ മോദിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിയാനയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വേണ്ടവിധം ലഭിക്കുന്നില്ലെന്ന് ഫത്തേഹാബാദിലെ ബാൽമീകി കമ്മ്യൂണിറ്റി നേതാവായ ഷമ്മി റാട്ടി പറഞ്ഞു.

‘ബാൽമികി, ധനക്സ്, ബാസിഗറസ്, സനിസിസ്, ദേഹാസ് തുടങ്ങിയ പല പട്ടികവർഗ വിഭാഗങ്ങൾക്കും ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,’ ഷമ്മി റാട്ടി പറഞ്ഞു. ഹരിയാനയിലെ ബഹുഭൂരിപക്ഷവും പട്ടികജാതി/പട്ടികവർഗമാണ്. ഈ വിഭാഗങ്ങൾ ബി.ജെ.പി ഭരണത്തെ ഭയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് ഉണ്ടായ സംവരണ വിരുദ്ധ വികാരത്തിന്റെ പ്രകടമായ വർധനവാണ് അതിൽ ആദ്യത്തേത്.

വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് ദളിത് വിഭാഗങ്ങൾ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ആരംഭിച്ച ഹരിയാന കൗശൽ റോസ്‌ഗർ നിഗം എന്ന വെബ് പോർട്ടലിനെതിരെയും ദളിതർ രംഗത്തെത്തിയിട്ടുണ്ട്. വെബ് പോർട്ടൽ വഴി തൊഴിലാളികളെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന വിമർശനമാണ് ഉയരുന്നത്.

ദളിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ എസ്.സി, എസ്‌.ടി ആക്‌ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ഭയവും മറ്റൊരു കാരണമാണ്. നിയമത്തോടുള്ള പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. അതിക്രമങ്ങൾ നേരിടുന്നവരെ പൊലീസ് സംരക്ഷിക്കുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

ബി.ജെപി തിരിച്ച് അധികാരത്തിലെത്തിയാൽ അത് ഭരണഘടനയെ കാര്യമായി ബാധിക്കുമെന്ന് ദളിതർ ഭയപ്പെടുന്നതായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ ഗവേഷണ വിഭാഗം മേധാവിയായ നീലേഷ് ബഹാനി പറഞ്ഞു.

webdesk13: