ബാരാബന്‍കി: ഉത്തര്‍ പ്രദേശിലെ ബാരാബന്‍കിയില്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം പിടികൂടി വിവസ്ത്രനാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. 30 ശതമാനം പൊള്ളലേറ്റ യുവാവിനെ പിന്നീട് പൊലീസെത്തി ലക്‌നോവിലെ ആശുപത്രിയിലാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ വ്യാഴാഴ്ച സുജീത് കുമാര്‍ എന്ന യുവാവ് ഭാര്യാ സഹോദരന്റെ വീട്ടിലേക്കു പോകും വഴി ബാരാബന്‍കിയില്‍ വെച്ച് തെരുവുനായ്ക്കള്‍ ഓടിക്കുന്നു.
രക്ഷപ്പെടാനായി ഇയാള്‍ സമീപത്തെ ഒരു വീടിനു സമീപമുണ്ടായിരുന്ന ഷെഡ്ഡിലേക്ക് ഓടിക്കേറി. അസമയത്ത് വീടിനു സമീപത്തെ ഷെഡില്‍ അപരിചിതനായ ഒരാളെ കണ്ട പ്രദേശവാസികളായ ശ്രാവണ്‍ കുമാര്‍, ഉമേഷ്, രാം ലഖന്‍, മറ്റ് രണ്ടു പേരും ചേര്‍ന്ന് സുജീത് കുമാറിനെ ചോദ്യം ചെയ്തു. ഭാര്യയെ കൊണ്ടുവരാനായി സഹോദരന്റെ വീട്ടിലേക്ക് വന്നതാണെന്ന് സുജീത് കുമാര്‍ പറഞ്ഞെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. സംഭവമറിഞ്ഞ് കൂടുതല്‍ പേരെത്തിയതോടെ ചോദ്യങ്ങള്‍ കൂടി. ഇതോടെ ഉത്തരം പറയാനാവാതെ സുജീത് കുഴങ്ങി. പിന്നാലെ സുജീത് മോഷ്ടാവാണെന്നാരോപിച്ച് മര്‍ദ്ദനം തുടങ്ങി. വസ്ത്രം അഴിച്ചു മാറ്റിയ ശേഷം ദേഹത്ത് മുഴുവന്‍ പെട്രോള്‍ ഒഴിക്കുകയും പിന്നീട് തീ കൊളുത്തുകയുമായിരുന്നു. ദേഹമാസകലം തീ പടര്‍ന്നു പിടിച്ചതോടെ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുജീതിന്റെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റു ചെയ്തതായും ഒരാള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സുജീതിനു 30 ശതമാനം പൊള്ളലേറ്റതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ലക്‌നോ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അശുതോഷ് ദുബെ അറിയിച്ചു.
മോഷ്ടാവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ചു
Tags: uthar pradesh