X

നിസാര കുറ്റത്തിന് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവിനെ രജിസ്ട്രാറിന്റെ സമര്‍ദത്തില്‍ പോലീസ് അറസ്റ്റു ചെയ്തു

 

കാസര്‍കോട്: നിസാര കുറ്റത്തിന് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ സര്‍വകലാശാല രജിസ്ട്രാറിന്റെ സമര്‍ദത്തില്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ)) നേതാവും തെലങ്കാന സ്വദേശിയുമായ പി. നാഗരാജു (26)വിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാര്‍ത്ഥിയെ റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് ജയിലിടച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ ഏഴിന് സര്‍വകലാശാലക്കകത്തുള്ള ഫയര്‍ ബോക്‌സിന്റെ ഗ്ലാസ് പൊട്ടിച്ചു എന്നാണ് വിദ്യാര്‍ത്ഥിക്കെതിരെയുള്ള കേസ്. അടുത്തിടെയാണ് നാഗരാജുവിന്റെ മാതാവ് മരണപ്പെട്ടത്. ഇതേതുടര്‍ന്ന് രാജു ഇടക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. ഇതിനിടയിലാണ് കൈകൊണ്ടിടിച്ച് ഗ്ലാസ് പൊട്ടിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ വിശദീകരണം ചേദിച്ചപ്പോള്‍ നാഗരാജു കുറ്റം സമ്മതിക്കുകയും ഇതിന്റെ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതിന്റെ നഷ്ടപരിഹാരം നാഗരാജുവിന്റെ കോഷന്‍ ഡെപ്പോസിറ്റില്‍ നിന്നും ഈടാക്കി പ്രശ്‌നം പരിഹരിക്കാമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥിക്കെതിരെ സര്‍വകലാശാല അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഒരു കാറിലെത്തിയ മഫ്ടി പോലീസ് ക്യാമ്പസില്‍ നാഗരാജുവിനെ അറസ്റ്റു ചെയ്തത്. സര്‍വകലാശാലയിലെ ഭാഷാ ഗവേഷണ വിദ്യാര്‍ത്ഥിയാണ് നാഗരാജു. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഗവേഷണ പ്രബന്ധം തയാറാക്കുന്ന തിരക്കിനിടയിലാണ് നാഗരാജുവിനെ പോലീസില്‍ സമ്മര്‍ദം ചെലുത്തി അറസ്റ്റു ചെയ്യിപ്പിച്ചത്.
വൈകിട്ടോടെ മജിസ്‌ട്രേറ്റ് മുമ്പാക ഹാജരാക്കിയപ്പോള്‍ 1500 രൂപ അടച്ച് ജാമ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലും സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതിനാല്‍ പണമടക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇതേതുടര്‍ന്നാണ് നാഗരാജുവിനെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്.

യൂണിവേഴ്‌സിറ്റിക്കകത്ത് എബിവിപിക്കെതിരെയും ബിജെപിക്കെതിരെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിസാര സംഭവത്തിന് നാഗരാജുവിനെതിരെ പക പോക്കുകയായിരുന്നുവെന്ന് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ സുഹൃത്തും ഹോസ്റ്റല്‍ മേറ്റുമാണ് നാഗരാജു.

chandrika: