ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വാര്‍ത്ഥതക്കുവേണ്ടി വര്‍ഗീയത വാദിക്കുന്ന ബിജെപി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. സര്‍വകലാശാലകളിലെ ദളിത്, സാമൂഹ്യപിന്നോക്കാവസ്ഥ പഠനകേന്ദ്രങ്ങള്‍ക്ക് താഴിട്ടാണ് മോദി സര്‍ക്കാര്‍ ഈ ‘യജ്ഞ’ത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി യു.പി.എ ഭരണകാലത്ത് സര്‍വകലാശാലകളില്‍ തുടക്കമിട്ട സാമൂഹ്യ പിന്നോക്കാവസ്ഥ ഗവേഷണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടും. മാര്‍ച്ച് അവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് വിവരം. ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് യുജിസി നല്‍കിയിട്ടുണ്ട്.
പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ ഓരോന്നായി നിര്‍ത്തലാക്കും. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് എക്‌സ്‌ക്ലൂഷന്‍ പോളിസി എന്ന പേരില്‍ രാജ്യത്തുടനീളം 35 സര്‍വകലാശാലകളിലാണ് യുപിഎ സര്‍ക്കാര്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ദളിത് ഗവേഷണം, സാമൂഹികഅസമത്വം, അംബേദ്കര്‍ തത്വചിന്ത, സംവരണം തുടങ്ങിയ വിഷയങ്ങള്‍ ഇതിനു കീഴിലാണ് വരുന്നത്. ആദ്യപടിയായി ഇത്തരം പഠനഗവേഷണ കേന്ദ്രങ്ങളുടെ ഫണ്ട് പൂര്‍ണമായും നിര്‍ത്തലാക്കും. പിന്നീട് ഇവ എന്നന്നേക്കുമായി അടച്ചുപൂട്ടും. അതേസമയം, കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് മുന്നറിയിപ്പെന്ന് യുജിസി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പഠനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ തൊഴില്‍ സുരക്ഷിതത്വവും അവതാളത്തിലായിരിക്കുകയാണ്.