X
    Categories: indiaNews

ഗുജറാത്തില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു

വഡോദര: ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ദലിത് യുവാവിനെ സവര്‍ണ ഹോട്ടലുടമ തല്ലിക്കൊന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് മാറിയത്. രാജു വന്‍കര്‍ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

അബോധാവസ്ഥയിലായിരുന്ന യുവാവ് ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. പ്രതികളായ ജാതീയ ഗുണ്ടകളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഗുജറാത്ത് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനായാണ് ഓട്ടോ ഡ്രൈവറായ രാജു വന്‍കര്‍ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഒരാള്‍ക്കുള്ള ഭക്ഷണം പാര്‍സലായും വാങ്ങി. എന്നാല്‍ താന്‍ നല്‍കിയ പണത്തിനുള്ള ഭക്ഷണം പാര്‍സലില്ലെന്ന് വന്‍കര്‍ ഹോട്ടലുടമയോട് പറഞ്ഞതോടെ വാക് തര്‍ക്കം ആരംഭിക്കുയായിരുന്നു.

തുടര്‍ന്ന് ഹോട്ടലുടമയും ജീവനക്കാരനും ചേര്‍ന്ന് രാജുവന്‍കറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ യുവാവ് വീട്ടിലെത്തുകയും കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു. രാത്രിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോദ്രയിലെ പഞ്ച്മഹല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റു ചെയ്യാന്‍ തയാറായിട്ടില്ല.

webdesk11: