ബിഹാറിലെ സീതാമർഹിയിൽ ദലിത് യുവതിയെ പൊലീസുകാരന്‍ പരസ്യമായി തല്ലുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സുരസന്ദ് പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ രാജ്കിഷോർ സിംഗാണ് സ്ത്രീയെ തെരുവിൽ വെച്ച് വടികൊണ്ട് മർദിക്കുന്നത്. നിരവധി തവണ വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, തെരുവിൽ 2 സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നെന്നും ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അടിച്ചെതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് യൂണിഫോമില്‍ യുവതിയെ തല്ലിച്ചതക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സീതാമർഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടന്നതെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിനോദ് കുമാർ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ബന്ധുക്കളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍വേണ്ടിയാണ് പൊലീസ് ലാത്തി പ്രയോഗിച്ചതെന്നും വിനോദ് കുമാർ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.