പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലര്‍ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി.
എന്നാലിപ്പോള്‍, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു സ്‌കൂളില്‍നിന്നുള്ള സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സ്‌കൂളില്‍ പ്രഭാത ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ ആയതിനാല്‍ മക്കളെ അയക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഒരുപറ്റം രക്ഷിതാക്കള്‍.
കാരൂര്‍ ജില്ലയിലെ വേലന്‍ചട്ടിയൂരിലുള്ള പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സുമതി എന്ന സ്ത്രീയാണ് ഇവിടെ രാവിലെ ഭക്ഷണം ഒരുക്കുന്നത്. സ്‌കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും പദ്ധതിയെ അനുകൂലിക്കുകയും മക്കളെ രാവിലെ ഭക്ഷണത്തിനായി അയക്കുകയും ചെയ്യുന്നുണ്ട്.
വിസമ്മതമറിയിച്ച രക്ഷിതാക്കള്‍ റോഡ് ഉപരോധമടക്കം പ്രതിഷേധവും നടത്തി. സംഭവം വിവാദമായതോടെ കാരൂര്‍ ജില്ല കലക്ടര്‍ പ്രഭു ശങ്കര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. മാത്രമല്ല, എതിര്‍പ്പറിയിച്ച രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും കേസെടുക്കുന്നതടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാത്രമല്ല, പൊലീസും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലിംഗരായന്‍പാളയം പഞ്ചായത്ത് െ്രെപമറി സ്‌കൂളിലെ 44 കുട്ടികളില്‍ 12 പേര്‍ മാത്രമാണ് പ്രഭാതഭക്ഷണം കഴിക്കാന്‍ തയാറായത്. ദലിത് പാചകക്കാരി തയാറാക്കിയ പ്രഭാത ഭക്ഷണമായതിനാല്‍ കഴിക്കാനാവില്ലെന്നാണ് ബാക്കിയുള്ള കുട്ടികള്‍ അറിയിച്ചത്. ഇതോടെ തിരുപ്പൂര്‍ കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ രക്ഷിതാക്കള്‍ വഴങ്ങുകയായിരുന്നു.