X
    Categories: MoreViews

ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം; മോദിയെ കൈവിട്ട് ജിഗ്നേഷ് മേവാനിയും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം. ഹര്‍ദ്ദിക് പട്ടേലിനു പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബിജെപി സര്‍ക്കാറിനെതിരെ രംഗത്തുവന്നു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപി സര്‍ക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് ഗുജറാത്ത് മോഡല്‍ വികസനം. ബിജെപിക്കെതിരായ പോരാട്ടമാണ് പാടിദാര്‍ സമുദായം അടക്കമുള്ളവരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ദളിത് വിഭാഗക്കാരെ പ്രേരിപ്പിക്കുന്നത്. ദളിതരുടെ കാര്യം പരിശോധിച്ചാല്‍ ഗുജറാത്ത് നരകമാണ്. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തവണ ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെടും. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.
ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. പാട്ടിദാര്‍ സമരസമിതി നേതാവ് ഹര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ജെഡിയു വിമത നേതാവ് ഛോട്ടു വാസവ, ജിഗ്നേഷ് മേവാനി എന്നിവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജിഗ്നേഷ് മേവാനിയുടെ പ്രതികരണം.

chandrika: