X

ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയ ദലിത് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജ സാകതിനെയാണ്(19)വീടിന് സമീപത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ ഭീഷണിയുണ്ടായതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ വിലാസ് ശ്രീധര്‍ വേദ്പദക്, ഗണേഷ് വിലാസ് പതക് എന്നിവരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

ഭിമ കൊറേഗാവിലെ സംഘര്‍ഷത്തിനിടെ ജനുവരി ഒന്നിന് പൂജയുടെ വീടിന് അക്രമികള്‍ തീവെച്ചിരുന്നു. തുടര്‍ന്ന് പൂജ അക്രമികള്‍ക്കെതിരെ പൊലീസിന് മൊഴി നല്‍കി. മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമികള്‍ പൂജയെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നെന്ന് കുടുംബം പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഭിമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷിക ആഘോഷത്തിനിടെ ദലിതര്‍ നടത്തിയ റാലിക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച കാണാതായ പൂജയെ ഞായറാഴ്ച രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

chandrika: