നോയിഡ: യു.പി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 22 കാരനായ നിയമ വിദ്യാര്‍ഥി. ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് കള്ളക്കേസില്‍പ്പെടുത്തി പൊലീസ് തന്നെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടാം വര്‍ഷ ബി.എ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി ആരോപിച്ചു. ഗ്രേറ്റര്‍ നോയിഡ ഏരിയയിലെ സെക്ടര്‍ ബീറ്റ 2 പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം.
സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമയായ ഒരു സ്ത്രീയെ 2021 ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു. ഈ വൈരാഗ്യത്തെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും തനിക്കെതിരെ കള്ളക്കേസ് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കുളിമുറിയില്‍ നിന്ന് ഒരു പാത്രത്തില്‍ മൂത്രം കൊണ്ടുവന്ന് വായില്‍ ഒഴിച്ചതായും വിദ്യാര്‍ഥി ആരോപിച്ചു.