X

മധ്യപ്രദേശില്‍ ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു

ഭോപാല്‍: ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍, പര്‍സോരിയ ഗഡ്‌ഘേരി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കിഷോരിലാല്‍ ജാദവ് എന്ന 55കാരനെയാണ് ഭൂമി വിട്ടുനല്‍കാത്തതിന്റെ പേരില്‍ യാദവ സമുദായാംഗങ്ങളായ നാലു പേര്‍ ചേര്‍ന്ന് ചുട്ടുകൊന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 2000 ത്തിലാണ് കിഷോരിലാല്‍ ജാദവിന് മൂന്നരയേക്കര്‍ കൃഷി ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. ഗ്രാമത്തിലെ പ്രമുഖ യാദവ കുടുംബാംഗങ്ങളായ പ്രതികള്‍ക്ക് ഈ ഭൂമിയുടെ അടുത്ത് വസ്തുവുണ്ട്. കിഷോരിലാലിന്റെ കൃഷിഭൂമിയില്‍ നിന്ന് കുറച്ച് പ്രദേശം കൈയ്യേറാന്‍ ഇവര്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തതായിരുന്നു നിഷ്ഠുര കൊലപാതകത്തില്‍ കലാശിച്ചത്. കിഷോരിലാലിന്റെ ദേഹത്ത് പെട്രോളൊഴിച്ച് നാലുപേരും ചേര്‍ന്ന് കത്തിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കിഷോരിലാലിനെ ഉടന്‍ തന്നെ ബൈരാസിയ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീരാന്‍ യാദവ്, പ്രകാശ് യാദവ്, സഞ്ജു യാദവ്, ബല്‍വീര്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത നാലുപേര്‍ക്കെതിരെയും കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി ധര്‍മ്മേന്ദ്ര ചൗധരി പറഞ്ഞു.

chandrika: