ആദായ നികുതി വകുപ്പ് കേസ് പറഞ്ഞു ഭയപ്പെടുത്തിയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ 11 കോടിയിലേറെ രൂപയുടെ ബോണ്ട് എടുപ്പിച്ചെന്ന് ആരോപണവുമായി ദലിത് കര്‍ഷക കുടുംബം. ഇതില്‍ 10 കോടിയും ബി.ജെ.പി സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ കച്ചിലുള്ള അഞ്ജര്‍ സ്വദേശികളാണു തട്ടിപ്പിനിരയായത്.
ഇലക്ടറല്‍ ബോണ്ടിലെ വിചിത്രകരമായ മറ്റൊരു തട്ടിപ്പ് കഥ ‘ദി ക്വിന്റ്’ വെബ് പോര്‍ട്ടലാണ് പുറത്തുകൊണ്ടുവന്നത്. 2023 ഒക്ടോബര്‍ 11നാണ് സവാകര മാന്‍വറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍െ്രെപസസില്‍ സീനിയര്‍ ജനറല്‍ മാനേജറായ മഹേന്ദ്ര സിങ് സോധ 11,00,14,000 രൂപയുടെ ഇലക്ടോറല്‍ ബോണ്ട് വാങ്ങിയത്. ഒക്ടോര്‍ 16ന് ഇതില്‍ 10 കോടിയും ബി.ജെ.പി സ്വന്തമാക്കി. ബാക്കി ഒരു കോടിയിലേറെ വരുന്ന തുക രണ്ടു ദിവസം കഴിഞ്ഞ് ശിവസേനയുടെ അക്കൗണ്ടിലുമെത്തി.
43,000 ചതുരശ്ര മീറ്റര്‍ വരുന്ന അഞ്ജറിലെ തങ്ങളുടെ കൃഷിഭൂമി വെല്‍സ്പണ്‍ ഏറ്റെടുത്തിരുന്നുവെന്ന് മാന്‍വറിന്റെ മകന്‍ ഹരേഷ് സവകാര പറയുന്നു. സ്ഥലം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് നല്‍കിയത്. ഇത്രയും വലിയ തുക ആദായ നികുതി വകുപ്പിന്റെ കേസിനും ഗുലുമാലിനും ഇടയാക്കുമെന്ന് നഷ്ടപരിഹാരം തന്ന സമയത്ത് വെല്‍സ്ണ്‍ മാനേജര്‍ മഹേന്ദ്ര സിങ് സോധ ചൂണ്ടിക്കാട്ടി.
ഇതു മറികടക്കാനെന്നു പറഞ്ഞാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്. അഞ്ചു വര്‍ഷം കൊണ്ട് ഈ തുകയുടെ 1.5 ഇരട്ടി ലഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വിദ്യാഭ്യാസമില്ലാത്തവരായതു കൊണ്ട് ഇത്തരമൊരു പദ്ധതിയെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അതിനാല്‍ തങ്ങളെ വേഗത്തില്‍ കബളിപ്പിക്കാന്‍ അവര്‍ക്കായെന്നും ഹരേഷ് പറയുന്നു.
2023 ആഗസ്റ്റിലാണു ജില്ലാ ഭരണകൂടം കൃഷി ഭൂമി വില്‍ക്കാനുള്ള അനുമതി നല്‍കിയത്. 16,61,21,877 രൂപയായിരുന്നു മൊത്തം സ്ഥലത്തിനു ഭരണകൂടം വില നിശ്ചയിച്ചിരുന്നത്. ഇതില്‍ 2.80 കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക ഏഴ് ജോയിന്റ് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മഹേന്ദ്ര സിങ് സോധ വെല്‍സ്പണ്‍ ഗസ്റ്റ് ഹൗസില്‍ സവാകരെ മാന്‍വറിനെയും മകനെയും നാലു തവണ വിളിച്ചുവരുത്തി ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചു വിവരിച്ചത്. ഒടുവില്‍ കുടുംബത്തെ സമ്മതിപ്പിച്ച് ഇലക്ടറല്‍ ബോണ്ട് എടുപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് ഹേമന്ത് രജിനികാന്ത് ഈ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നുവെന്നു കുടുംബം പറയുന്നു.
ഗുജറാത്തിലെ ഭൂപതിവ് ചട്ടപ്രകാരം കച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ലാന്‍ഡ് ഇവല്യൂഷന്‍ കമ്മിറ്റി ചതുരശ്ര മീറ്ററിന് 17,500 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നതെന്ന് മാന്‍വര്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ ഗോവിന്ദ് ദഫാദ പറഞ്ഞു. ഈ കണക്കിന് ആകെ 76 കോടി രൂപയായിരുന്നു വെല്‍സ്പണ്‍ കുടുംബത്തിനു നല്‍കേണ്ടിയിരുന്നത്.
എന്നാല്‍, ഇത്രയും ഭീമമായ തുക നല്‍കാന്‍ കമ്പനി ഒരുക്കമായിരുന്നില്ല. ഒരു വര്‍ഷത്തോളം സ്ഥലമേറ്റെടുപ്പ് മുടങ്ങിക്കിടന്നു. ഒടുവില്‍ കച്ച് ഡെപ്യൂട്ടി കലക്ടറായിരുന്ന മെഹുല്‍ ദേശായി ഇടപെട്ട് കുടുംബവുമായി പലതവണ ചര്‍ച്ച നടത്തി 16.61 കോടി രൂപയിലേക്ക് നഷ്ടപരിഹാരത്തുക കുത്തനെ കുറയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഇലക്ടറല്‍ ബോണ്ട് തട്ടിപ്പില്‍ കഴിഞ്ഞ മാര്‍ച്ച് 18ന് അഞ്ജര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മഹേന്ദ്ര സിങ്ങിനു പുറമെ വെല്‍സ്പണ്‍ ഡയരക്ടര്‍മാരായ വിശ്വനാഥന്‍ കൊല്ലെങ്കോഡെ, സഞ്ജയ് ഗുപ്ത, ചിന്തന്‍ താക്കര്‍, പ്രവീണ്‍ ബന്‍സാലി, അഞ്ജര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ വിമല്‍ കിഷോര്‍ ജോഷി, അഞ്ജര്‍ സിറ്റി ബി.ജെ.പി പ്രസിഡന്റ് ഹേമന്ത് എന്ന ഡാനി രജിനികാന്ത് ഷാ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. എന്നാല്‍, ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണു വിവരം. കേസിനു മെറിറ്റ് ഉണ്ടെങ്കില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര സിസോദിയ ക്വിന്റിനോട് പ്രതികരിച്ചിരിക്കുന്നത്.