X

യു.പിയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് മര്‍ദനം

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് സംഘപരിവാര്‍ മര്‍ദനം. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

വീഡിയോയില്‍ ഒരു ദളിത് യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്യുന്നതായി കാണാം. യുവാവിനെ മര്‍ദിക്കുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ത്രീകളെയും സംഘം ആക്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംഭാല്‍ ലോക്‌സഭാ മണ്ഡലത്തിലെ 181, 182, 183, 184 ബൂത്തിലാണ് സംഭവം നടന്നത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. കൗശാംബിയില്‍ മുന്‍ എം.പി വിനോദ് കുമാര്‍ സോങ്കര്‍ ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. മൂന്നാം തവണയാണ് സോങ്കര്‍ കൗശാമ്പിയില്‍ നിന്ന് ജനവിധി തേടുന്നത്. സമാജ് വാദിയുടെ പുഷ്‌പേന്ദ്ര സരോജ് ആണ് മണ്ഡലത്തിലെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി.

19 ലക്ഷത്തോളം വോട്ടുകളുള്ള കൗശാംബി മണ്ഡലത്തില്‍ ഏഴ് ലക്ഷത്തോളം ദളിത് വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ എസ്.പി സ്ഥാനാര്‍ത്ഥി പുഷ്പേന്ദ്ര സരോജിന്റെ പാസി വിഭാഗത്തില്‍ നിന്നുള്ളതാണ്. ബാബഗഞ്ച്, കുന്ദ, സിറത്ത്, മഞ്ജന്‍പൂര്‍, ചൈല്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കൗശാംബി ലോക്‌സഭാ മണ്ഡലം.

webdesk13: