വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചു; പൂജാരിക്കെതിരെ കേസ്

ഉത്തരാഖണ്ഡില്‍ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പൂജാരിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം. പുരോഹിതന്‍ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വധുവിന്റെ പിതാവ് മാര്‍ച്ച് 12 ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മണിയാര്‍സ്യുന്‍ പ്രദേശത്തെ റവന്യൂ പൊലീസ് പറഞ്ഞു.

മാര്‍ച്ച് 5 ന് രാവിലെ അങ്കിത-അജയ് ദമ്പതികള്‍ സമീപിച്ചപ്പോള്‍ പുരോഹിതന്‍ നാഗേന്ദ്ര സെല്‍വാള്‍ ജാതീയമായി അധിക്ഷേപിക്കുകയും പ്രവേശനം നിഷേധിച്ചതായും സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് പറഞ്ഞു. അങ്കിതയ്ക്കും അജയ്യ്ക്കും കൃത്യസമയത്ത് വിവാഹം കഴിക്കാന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ ആളുകള്‍ക്ക് ഇടപെടേണ്ടി വന്നുവെന്ന് ബിഷ്ത് പറഞ്ഞു. ‘പ്രദേശത്തുള്ള ഒരാള്‍ എന്നെ വിളിച്ച് ക്ഷേത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചുവെന്നും ജാതി പറഞ്ഞ് ദമ്പതികള്‍ക്ക് പ്രവേശനം നിഷേധിച്ചെന്നും പറഞ്ഞു. ഞാന്‍ സെല്‍വാളിനെ വിളിച്ച് അവരെ അകത്തേക്ക് കടത്തിവിടാന്‍ ആവശ്യപ്പെട്ടു,’ എസ്ഐ പറഞ്ഞു.

ഇതേ തുടര്‍ന്ന് അങ്കിതയുടെ പിതാവ് നകുല്‍ ദാല്‍ റവന്യൂ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹങ്ങള്‍ നടത്തുന്ന യാഗശാല ഒരിക്കലും പകല്‍ സമയത്ത് പൂട്ടിയിടാറില്ലെന്ന് ഗ്രാമവാസിയായ നിതിന്‍ കൈന്തോള പറഞ്ഞു. ” സംഭവദിവസം ദമ്പതികള്‍ അവിടെയെത്തിയപ്പോള്‍ യാഗശാല പൂട്ടിയിരിക്കുന്നത് കണ്ടു. പുരോഹിതന്‍ അവരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. പാവപ്പെട്ട കുടുംബമായതുകൊണ്ടാണ് അവിടെ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചത്” സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രേഖ ആര്യയ്ക്കും പരാതി നല്‍കി, അദ്ദേഹം റവന്യൂ പൊലീസിനോട് വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് റെഗുലര്‍ പൊലീസിന് കൈമാറുകയായിരുന്നു. ‘ക്ഷേത്ര ഉടമകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് തര്‍ക്കം ഉടലെടുത്തത്. ഇതില്‍ ജാതിപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്,’ എന്ന് പൗരി സദറിലെ സര്‍ക്കിള്‍ ഓഫീസര്‍ ത്രിവേന്ദ്ര സിംഗ് റാണ പറഞ്ഞു.

webdesk18:
whatsapp
line