ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു മഹാത്മാഗാന്ധിയുടെ താല്‍പര്യമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ആകട്ടെ സ്വാര്‍ത്ഥ ചിന്താഗതിക്കാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ താല്‍പര്യത്തോടെ ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യാ-പാക് വിഭജനം നടക്കില്ലായിരുന്നു. ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ 25-ാം വര്‍ഷാചരണത്തില്‍ പ്രസംഗിക്കവെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പണ്ഡിറ്റ് നെഹ്‌റു മികച്ചയാളായിരുന്നു. ഒട്ടേറെ അനുഭവ സമ്പത്തുള്ള വ്യക്തി. ബുദ്ധിമാനും. എന്നാല്‍, ചില നേരങ്ങളില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനാധിപത്യ സംസ്‌കാരം ഫ്യൂഡല്‍ വ്യവസ്ഥയെക്കാള്‍ മഹത്തരമാണ്. ചില രാജ്യങ്ങളില്‍ ഇപ്പോഴും ഫ്യൂഡല്‍ വ്യവസ്ഥയാണ്. കുറച്ചു ആളുകള്‍ മാത്രം അധികാരം കൈവശപ്പെടുത്തുന്ന ഫ്യൂഡല്‍ സമ്പ്രദായം അപകടകരമാണ്.
1959 മാര്‍ച്ച് 17ന് തനിക്ക് രാജ്യം വിട്ടു പോകേണ്ടി വന്നു. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ പെടാതെ ഇന്ത്യയിലാണെത്തിയതെന്നും ദലയ്‌ലാമ പറഞ്ഞു. തന്റെ സമാധാനപരമായ നീക്കങ്ങളെ പലപ്പോഴും ഇല്ലാതാക്കാന്‍ ചൈന ശ്രമം നടത്തി. 16-ാം വയസില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. 24-ാം വയസിലെത്തിയപ്പോള്‍ രാജ്യം നഷ്ടമായി. വര്‍ഷങ്ങളായി കടുത്ത ത്യാഗങ്ങളും മാനസിക സംഘര്‍ഷങ്ങളും കടന്നാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.