X

ദാകര്‍ റാലി അവസാനിച്ചു; ഫ്രഞ്ച് താരം മിസ്റ്റര്‍ ദാകറിന് കിരീടം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: 43ാമത് ദാകര്‍ റാലിയില്‍ ഫ്രഞ്ച് താരം സ്‌റ്റെഫാന്‍ പീറ്റര്‍ ഹാന്‍സല്‍ കിരീടം നേടി. മിസ്റ്റര്‍ ദാകര്‍ എന്നറിയപ്പെടുന്ന സ്‌റ്റെഫാന്റെ പതിനാലാമത് കിരീടമാണിത്.പന്ത്രണ്ട് ഘട്ടങ്ങളായി നടന്ന റാലിയില്‍ ഖത്തറില്‍ നിന്നുള്ള നാസര്‍ അല്‍ അത്തിയ്യയെ പിന്തള്ളിയാണ് കോ പൈലറ്റ് എഡ്‌വേഡ് ബൊലാഞ്ചറിന്റെ സഹായത്തോടെ സ്‌റ്റെഫാന്‍ വിജയകൊടി നാട്ടിയത്. കാറില്‍ എട്ട് തവണയും ബൈക്കില്‍ ആറ് തവണയും നേടിയാണ് അമ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള സ്റ്റെഫാന്‍ ചരിത്ര നേട്ടം കൈവരിച്ചത്. 1990 ലായിരുന്നു ആദ്യ കിരീടം. മോട്ടോര്‍ ബൈക്കില്‍ അര്‍ജന്റീനയുടെ കെവിന്‍ ബെനവൈഡ് ആണ് ഒന്നാം നമ്പര്‍ താരം. അഞ്ചാം സ്റ്റേജില്‍ പരിക്കേറ്റിരുന്ന കെവിന്‍ അമേരിക്കയുടെ റിക്കി ബ്രാബൈക്കിനെയാണ് പരാജയപെടുത്തിയത്.

13 ദിവസം നീണ്ടു നിന്ന റാലി ജനുവരി മൂന്നിനാണ് ജിദ്ദയില്‍ നിന്ന് തുടങ്ങിയത് . 12 സ്‌റ്റേജുകളിലായി നടന്ന മത്സരം സംഘടിപ്പിച്ചത് സഊദി സ്‌പോര്‍ട്‌സ് മന്ത്രാലയമാണ്. സഊദി ഓട്ടോമൊബൈല്‍ കമ്പനിയുടെയും ദാകര്‍ റാലി അസോസിയേഷന്റെയും സഹകരണത്തോടെയാണ് രണ്ടാം തവണയും സഊദി ദാകര്‍ റാലിക്ക് ആതിഥ്യം വഹിച്ചത് . 7600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരുഭൂമിയിലൂടെയാണ് റാലിയുടെ യാത്ര.

 

ആറ് വിഭാഗങ്ങളിലായി നടന്ന ദാക്കര്‍ റാലിയില്‍ 68 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. 83 പേര്‍ കാറുകളിലും 108 പേര്‍ ബൈക്കുകളിലും 21 പേര്‍ ക്വാഡ് ബൈക്കുകളിലും 67 പേര്‍ കാറുകളിലും 58 പേര്‍ സൈഡ് ബൈ സൈഡ് വാഹനങ്ങളിലും 42 പേര്‍ ട്രെയ്‌ലറുകളിലുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.

ഇന്ത്യയില്‍ നിന്ന് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്ന സി എസ് സന്തോഷ് റാലിക്കിടെ അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് റിയാദില്‍ ചികിത്സയിലാണ്. വാദി ദവാസിറിനടുത്ത് വെച്ച് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ തീപിടിച്ച് കഴുത്തിന് പൊള്ളലേല്‍ക്കുകയായിരുന്നു. ദാകറിന്റെ നാലാം സ്റ്റേജില്‍ 135 കിലോമീറ്റര്‍ അകലെ വെച്ചാണ് സന്തോഷ് അപകടത്തില്‍ പെട്ടത് . കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന ദാകര്‍ റാലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരിച്ചിരുന്നു . ഒമ്പതിനായിരം കിലോമീറ്ററില്‍ പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴാണ് വാദി ദവാസിറില്‍ വെച്ച് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്.

 

Test User: