X

വഖഫ് വിജയത്തിന്റെ നാള്‍വഴികള്‍

അഡ്വ. പി.വി സൈനുദ്ദീന്‍

മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമര പ്രക്ഷോഭങ്ങളുടേയും സമസ്ത ഉള്‍പ്പെടെയുള്ള (കാന്തപുരം വിഭാഗം ഒഴികെ, കാന്തപുരം വിഭാഗം പി.എസ്.സി നിയമനത്തിന് അനുകൂലമായിരുന്നു) മതസംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിട്ട ബില്‍ നിയമം മൂലം സഭയില്‍ റദ്ദാക്കിയിരിക്കുകയാണ്. 2021 നവംബര്‍ 9 ന് പി.എസ്.സിക്ക് വിടുന്നതിനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ച മന്ത്രി അബ്ദുറഹിമാനെ കൊണ്ട് തന്നെ നിയമം പിന്‍വലിക്കാനുള്ള ബില്‍ 2022 സപ്തംബര്‍ 1 ന് സഭയില്‍ അവതരിപ്പിച്ചുവെന്ന് പറയുന്നത് ‘കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമെടുപ്പിക്കുന്നതിന് തുല്യമാണ്’. നിയമസഭ പാസ്സാക്കിയ ബില്‍ നിയമസഭയില്‍ തന്നെ പിന്‍വലിച്ചാലെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന മുസ്‌ലിംലീഗ് സംസ്ഥാന അമരക്കാരന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അഭിമാനത്തോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്.

കേന്ദ്ര വഖഫ് നിയമപ്രകാരം നിയമന അധികാരി വഖഫ് ബോര്‍ഡും നിയമനം മുസ്‌ലിംകള്‍ക്ക് മാത്രവും നിഷ്‌കര്‍ഷിക്കപ്പെട്ട കാര്യത്തിലാണ് കെ.ടി ജലീല്‍ വഖഫ് മന്ത്രിയായിരിക്കെ വഖഫ് നിയമനം പി.എസ്.സിക്ക് വിടുമെന്ന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ 25 സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ ഒരു സംസ്ഥാനത്തും നിയമനം സര്‍വീസ് കമ്മീഷനുകള്‍ക്ക് വിട്ടിട്ടില്ലെന്ന കാര്യം അറിയാത്തത് കൊണ്ടല്ല മന്ത്രി അബദ്ധ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ കടുംകൈ പ്രയോഗം മഹാഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ കാലത്ത് ബോര്‍ഡുകളില്‍ ഫാസിസ്റ്റുകള്‍ കയറി കൂടുമെന്ന അപകടം പോലും മണത്തറിയാന്‍ കഴിയാത്തവിധം അന്ധമായ രാഷ്ട്രീയ വിരോധത്തില്‍ മന്ത്രിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയിരുന്നു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ മതപരമായ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ പ്രയാസമുള്ള കാര്യം പോലും മന്ത്രി സൗകര്യം പോലെ വിസ്മരിക്കുകയായിരുന്നു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡില്‍ പി.എസ്.സി സംബന്ധമായ സര്‍ക്കാര്‍ കത്ത് വന്നപ്പോള്‍ ബോര്‍ഡ് യോഗം പ്രസ്തുത ആവശ്യം നിരാകരിക്കുകയും തള്ളിയ വിവരം സര്‍ക്കാറിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. താന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് പിന്നീട് കള്ളം പറഞ്ഞ മന്ത്രി മനസ്സിലാക്കേണ്ടിയിരുന്ന യാഥാര്‍ഥ്യം കേന്ദ്ര വഖഫ് നിയമപ്രകാരം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വഖഫ് ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ലായെന്നുള്ളതാണ്.

മന്ത്രിയുടെ നിയമ വിരുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സമുദായ സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചുചേര്‍ത്ത് ശക്തമായ സമരപരിപാടികള്‍ പ്രഖ്യാപിക്കുകയുണ്ടായി. അന്നത്തെ ബോര്‍ഡ് മെമ്പര്‍ എം.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ സമുദായ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടുവെങ്കിലും എല്ലാ കാലത്തും നിങ്ങളെ മാത്രം നിയമിച്ചാല്‍ മതിയോ എന്ന പരിഹാസ രൂപേണയുള്ള മറുപടിയാണ് കിട്ടിയത്. പിന്നീട് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലികുട്ടി മുസ്‌ല്യാരുടേയും, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് സദാശിവത്തെ കണ്ടപ്പോള്‍ സര്‍ക്കാര്‍ അയക്കുന്ന ബില്ലില്‍ ഞാന്‍ കേവലം ഒപ്പുകാരനാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് മുസ്‌ലിംലീഗും സമുദായ സംഘടനകളും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം സംഘടിപ്പിക്കേണ്ടിവന്നു. കൂടാതെ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പിലും മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയുമുണ്ടായി.

ടി.കെ ഹംസ ചെയര്‍മാനായി വന്ന ബോര്‍ഡ് വഖഫ് നിയമനം പി.എസ്.സിക്ക് വിടണമെന്ന വിഷയത്തില്‍ അനുകൂല തീരുമാനമെടുത്തപ്പോള്‍ എം.സി മായിന്‍ഹാജിയും ഞാനും നിയമപരമായ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 2021 നവംബര്‍ 9 ന് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ ഭരണഘടനാവിരുദ്ധമായ ബില്ലിനെ സംബന്ധിച്ച് ക്രിയാത്മകമായി ഡിബേറ്റ് ചെയ്തുവെങ്കിലും അധികാരത്തിന്റെ അഹന്ത കൊണ്ട് അധികാര ഭീകരതയുടെ സന്തതിയായി ബില്ല് നിയമസഭയില്‍ ഭരണ പക്ഷം പാസ്സാക്കിയെടുത്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലികുട്ടിയും വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെ യോഗം ഈ വിഷയത്തില്‍ സന്ധിയില്ലാ സമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. സമുദായ സംഘടനാ നേതാക്കളായ ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ടി.പി അബ്ദുള്ളകോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ മുസ്‌ലിംലീഗ് നേതൃത്തിന്റെ പ്രക്ഷോഭ സമരത്തിന് സകല പിന്തുണയും വാഗ്ദാനം ചെയ്യുകയുണ്ടായി. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എന്‍. ഷംസുദ്ദീന്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ തലങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളും യാതൊരു പ്രചരണവുമില്ലാതെ കോഴിക്കോട് കടപ്പുറത്ത് പച്ച കടലായി സംഗമിച്ച ജനലക്ഷങ്ങളുടെ വഖഫ് സംരക്ഷണ റാലിയും ഇടതു സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു. നിരാകരണ ബില്‍ അവതരിപ്പിച്ച് കൊണ്ട് മന്ത്രി പറഞ്ഞത് സമുദായ സംഘടനകളുടെ ആവശ്യം മാനിച്ച് കൊണ്ടാണ് നിരാകരണ ബില്ലെന്നാണ്. പാണക്കാട്ടെ തങ്ങന്മാരും പി.കെ കുഞ്ഞാലികുട്ടിയുമാണ് സമുദായ സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതെന്ന സത്യം സൗകര്യപൂര്‍വം മന്ത്രി മറക്കാന്‍ ആഗ്രഹിച്ചാലും കേരളത്തിലെ ഉമ്മത്തിന് ബോധ്യമുള്ള സംഗതികളാണ്. പി.എസ്.സിക്ക് വഖഫ് നിയമനം വിട്ടതിനെ ന്യായീകരിച്ച സമുദായത്തിലെ ഒരു സംഘടനയും അതിന്റെ മാധ്യമങ്ങളും തലതാഴ്ത്തി ഒട്ടകപക്ഷി നയം സ്വീകരിക്കേണ്ടി വന്നിരിക്കയാണ്. വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടുകളോടെ തളരാത്ത വീര്യം നിറഞ്ഞ രാഷ്ട്രീയ പോരാട്ടം നടത്തി മുസ്‌ലിംലീഗും ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളും ചരിത്രപരമായ വിജയം നേടിയിരിക്കുകയാണ്. സമുദായത്തിന്റെ മൊത്തം കുത്തക മുസ്‌ലിംലീഗിന് അവകാശപ്പെട്ടതല്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രിയടക്കമുള്ള മുസ്‌ലിംലീഗ് വിരോധികള്‍ക്ക് വഖഫ് സമരത്തില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്.

 

 

Test User: