X

പ്രതിദിന പനിബാധിതര്‍ 13,000ലേക്ക്; കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു. ഇന്നലെ 13,432 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്‍ക്ക് പനി ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇന്നലെ ആയിരത്തില്‍ അധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. 282 പേര്‍ ഇന്നലെ ഡെങ്കിലക്ഷണങ്ങളോടെ ചികിത്സതേടി. ഇതില്‍ നാലുപേര്‍ മരിച്ചു. 138 പേര്‍ക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിലക്ഷണവുമായി 14 പേര്‍ ചികിത്സതേടിയപ്പോള്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയും എച്ച്1എന്‍1 പനിയുമായി 14 പേര്‍ ചികിത്സതേടി. ഇതില്‍ 4പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. ഒരു മരണവും സ്ഥിരീകരിച്ചു.

പനി നിയന്ത്രിക്കാനാകാതെ വന്നതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. ഉന്നതലയോഗത്തിനുശേഷമാണ് പുതിയ നിര്‍ദ്ദേശം നല്‍കിയത്. മണ്ണിലോ വെള്ളത്തിലോ ജോലിചെയ്യുന്നവര്‍ കൈയ്യുറയും കാലുറയും ധരിക്കേണ്ടതാണെന്നും പ്രമേഹം, രക്താതിമര്‍ദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവര്‍ പനി ബാധിച്ചാല്‍ എത്രയും വേഗം ചികിത്സതേടി ഏത് തരം പനിയാണെന്ന് കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് കാലത്തിനു സമാനമായി പനിക്കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികള്‍ പനിബാധിതരെ കൊണ്ട് നിറയുമ്പോഴും എല്ലാം നിയന്ത്രണ വിധേയമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്.

webdesk11: