അപ്പനുള്ള ഏറ്റവും വലിയ യാത്രയയപ്പ് നാളെ; അതിന്റെ ഇടിമുഴക്കം എട്ടിന്; അച്ചു ഉമ്മന്‍

ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് സഹോദരി അച്ചു ഉമ്മന്‍. അപ്പന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. പുതുപ്പള്ളിയെ സ്നേഹിച്ച, പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നല്‍കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ 8ന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൈബര്‍ അധിക്ഷേപ പരാതിയില്‍ തന്റെ കടമനിര്‍വഹിച്ചു. കേസ് കൊടുത്തു. പൊലീസ് വന്ന് മൊഴിയെടുത്തപ്പോള്‍ അതിനോട് സഹകരിച്ചു. ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നത് അവരുടെ കൈയിലാണ്. വൈകിപ്പിക്കുന്നത് സാങ്കേതികകാരണമാണോ എന്നറിയില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമംകൊണ്ടുവരണം. സാമൂഹിക മാധ്യമ അക്കൗണ്ട് തുടങ്ങാന്‍ ഒരു ഐഡി പ്രൂഫ് പോലും വേണ്ട. അതുകൊണ്ട് ആളുകള്‍ക്ക് ഒരുപാട് ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതുവഴി എന്തും വിളിച്ചുപറയാം. അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഒന്നും പറ്റില്ലല്ലോ? നിയമത്തിന്റെ വലയിലേക്ക് ഇതിനെകൊണ്ടുവരേണ്ടത് നാളത്തെ തലമുറയുടേയും ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് ഫലം വന്നുകഴിഞ്ഞാല്‍ തിരിച്ചുപോവും. കൊട്ടികലാശത്തന് താന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആവേശം, തനിക്കുള്ളതല്ല ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കുള്ളതാണെന്നും അച്ചു ഉമ്മന്‍ അഭിപ്രായപ്പെട്ടു.

‘അതിഭീകരമായ സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ട്. അഴിമതി, വിലക്കയറ്റം, കര്‍ഷകര്‍ പട്ടിണി കിടക്കുന്നു. ഇതൊക്കെ വലിയ ഭരണവിരുദ്ധവികാരമുണ്ടാക്കുന്നു. അതിനാല്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ഇത്രയേറെ കാലാവസ്ഥ അനുകൂലമായ മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തിലുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അതുകൂടാതെ, വിദ്യാസമ്പന്നനായ, പത്ത്- ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഒരു യുവാവിന്റെ കന്നിയങ്കം എന്നതടക്കം അനുകൂല ഘടകങ്ങളാണ്. അതിനും മുകളിലാണ് ഉമ്മന്‍ചാണ്ടി എന്ന ഘടകം. അത് ഉമ്മന്‍ചാണ്ടി മരിച്ചുപോയി എന്ന സഹതാപം അല്ല.

53 വര്‍ഷം അദ്ദേഹം ഇവിടെ എന്ത് ചെയ്തുവെന്ന് പുതുപ്പള്ളിക്കാര്‍ക്ക് വ്യക്തമായി അറിയാം. പുറത്തുനിന്ന് ആളുകള്‍ വന്ന് പല ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് പുതുപ്പള്ളിക്കാരുടെ ഇടയിലേക്ക് എത്തില്ല. എല്ലാ ഘടകങ്ങളും ഞങ്ങള്‍ക്ക് അനുകൂലമാണ്. അപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ എന്തും പറയാം എന്ന നിലയാണ് അവര്‍ക്ക്. അങ്ങനെ വ്യക്തിപരമായ ആക്രമണത്തിന് ഇരയായ ആളാണ് ഞാന്‍. അതുകൊണ്ടൊന്നും അവര്‍ക്ക് നേട്ടമായിട്ടില്ല. ഞങ്ങളെയേ സഹായിച്ചിട്ടുള്ളൂ. വീട്ടിലിരിക്കുന്ന സ്ത്രീകളെ അപവാദം പറഞ്ഞാല്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല’, അച്ചു ഉമ്മന്‍ വ്യക്തമാക്കി.

 

 

webdesk13:
whatsapp
line