ലഖ്‌നോ: കുപ്രസിദ്ധമായ ദാദ്രി ആള്‍ക്കൂട്ടക്കൊലയിലെ പ്രധാന പ്രതി വിശാല്‍ റാണയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രത്യുഷ് കുമാറാണ് നോയിഡയിലെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന്‍ കൂടിയായ വിശാലിന് ജാമ്യം അനുവദിച്ചത്. 2015 സെപ്തംബര്‍ 28നാണ് വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്്‌ലിം ഗൃഹനാഥനെ ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെ നിഷ്ഠുരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായിരുന്നു ദാദ്രി സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ സര്‍ക്കാറില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.
കേസില്‍ 18 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. കൊലപാതകത്തിനു വേണ്ടിയുള്ള ഗൂഢാലോചനയാണ് പ്രധാനമായും കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഒരാള്‍ ജയിലില്‍ പനി ബാധിച്ച് മരിച്ചു.