ഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയുടെ ‘കോവിഷീല്‍ഡ്’ എന്നു പേരുള്ള വാക്‌സിന്‍ ഡിസംബറില്‍ അടിയന്തര അനുമതിക്കായി നല്‍കും. ആരോഗ്യപ്രവര്‍ത്തകരിലും പ്രായമായവരിലും മിതമായ നിരക്കില്‍ വാക്‌സിന്‍ പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെകയും ചേര്‍ന്നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ആദ്യ ലഭ്യത ഉറപ്പാക്കാനാണ് സിറം തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം പൊതു രംഗത്തേക്ക് എത്തിക്കും. 2021 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ വാക്‌സിന്‍ പൊതു വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടിവരിക. സ്വകാര്യ വിപണിയില്‍ 500 മുതല്‍ 600 വരെയായിരിക്കും വാക്‌സിന്‍ വിലയെന്നും സിറം വ്യക്തമാക്കുന്നു.
അതേസമയം, മറ്റ് രാജ്യങ്ങളുടെ വാക്‌സിനും ഉടന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, യുഎസ് കമ്പനിയായ ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിന്‍ പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് ഇപ്പോള്‍ ഫൈസര്‍ അവകാശപ്പെടുന്നത്.
എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും വാക്‌സിന്‍ ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിന്‍ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. കോവിഡ് ബാധിതരില്‍ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്‌സിന്‍ 94 ശതമാനവും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് ഫൈസര്‍ പറയുന്നത്. ജര്‍മന്‍ കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 90 ശതമാനവും വിജയമാണെന്നാണ് ഇവര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചത്.
ഫൈസറിന് പിന്നാലെ കോവിഡ് വാക്‌സിന്‍ ഫലപ്രാപ്തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനായി തങ്ങള്‍ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം.