X

ക്യാന്ത് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രാ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും വെള്ളിയാഴ്ചയോടെ തീരത്തേക്ക് അടിച്ചു കയറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നേരത്തെ കൊല്‍ക്കത്തയോ ഒഡീഷയോ വഴിയാവും ഇന്ത്യന്‍ തീരത്തേക്ക് ക്യാന്ത് ചുഴലിക്കാറ്റ് പ്രവേശിക്കുക എന്നായിരുന്നു നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ദിശ മാറി തെക്കു പടിഞ്ഞാറന്‍ തീരത്തേക്കാണ് ചുഴലിക്കാറ്റ് നിലവില്‍ നീങ്ങുന്നത്. വെള്ളിയാഴ്ച ആന്ധ്രാ തീരത്തേക്ക് എത്തുന്ന ചുഴലിക്കാറ്റ് കനത്ത മഴക്ക് ഇടയാക്കും.

മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ഓങ്കോള്‍, നെല്ലൂര്‍ മേഖലയിലേക്കാവും ചുഴലിക്കാറ്റ് എത്തുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതോടെ ഒഡീഷ തീരത്തേക്ക് കനത്ത രൂപത്തില്‍ കാറ്റ് വീശാനുള്ള സാധ്യത കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു. ആന്ധ്രാ പ്രദേശില്‍ 27 മുതല്‍ 29 വരെ കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ മഴക്കൊപ്പം 50 മൈല്‍ വേഗതയിലാണ് കാറ്റു വീശാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികളോട് കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഒഡീഷയുടെ തീരപ്രദേശത്തും ആന്ധ്രാ തീരത്തുമാകും ക്യാന്ത് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുക. താരതമ്യേന സംഹാരശേഷി കുറവാണ് ക്യാന്ത് ചുഴലിക്കാറ്റിനെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. തീരത്ത് എത്തുമ്പോഴേക്കും എതിര്‍ദിശയില്‍ നിന്നുള്ള കാറ്റ് വീശല്‍ മൂലം ശക്തി കുറയാനും സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായി രൂപം മാറിയത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ വിശാഖപട്ടണം, ശ്രീകാകുളം, പുരി, ഗജാപതി, ഗഞ്ജാം, ഗോപാല്‍പൂര്‍, കിഴക്കന്‍ ഗോദാവരി എന്നീ ജില്ലകളില്‍ കനത്ത കാറ്റിനും മഴക്കും സാധ്യത കല്‍പിക്കുന്നുണ്ട്.

chandrika: