X

കേരളതീരത്ത് കനത്ത കാറ്റിനും തിരമാലക്കും സാധ്യത : കടലില്‍ പോകരുതെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത 36 മണിക്കൂര്‍ ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശ്രീലങ്ക–തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്കു നീങ്ങുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ പ്രചനം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. കന്യാകുമാരിക്കു തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. കലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം പ്രകാരം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്ക് അതു നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ഈ ന്യൂനമര്‍ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയില്‍ കേരളത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉള്‍പ്പെടും.

ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍ക്കടല്‍, ശ്രീലങ്ക ഉള്‍ക്കടല്‍, ലക്ഷദ്വീപ് ഉള്‍ക്കടല്‍, തിരുവനന്തപുരം ഉള്‍ക്കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത്– സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

chandrika: