X
    Categories: MoreViews

കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി ജില്ലാ ഭരണകൂടവും സംഘടനകളും

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്നും കപ്പലില്‍ പോകാനിരുന്ന ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 110 പേര്‍ക്കാണ് ജില്ലാ കലക്റ്റര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ഭക്ഷണവും താമസസൗകര്യവുമൊരുക്കിയത്.

കടല്‍ പ്രക്ഷുബ്ധമായതോടെ ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ യാത്ര താറുമാറായതിനെ തുടര്‍ന്നാണ് ഇവര്‍ കോഴിക്കോട് കുടുങ്ങിയത്. ചികിത്സയ്ക്കും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി കോഴിക്കോടെത്തിയവരാണിവരാണ് മിക്കവരും. ഇവരുടെ കൈവശം പണവും മറ്റും കുറവായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജില്ലാ ഭരണക്കൂടം ദ്വീപ് നിവാസികള്‍ ഇവിടെ കുടുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് ചിലസംഘടനകളുടെയും മറ്റും സഹകരണത്തോടെ സഹായങ്ങളെത്തിക്കാന്‍ ജില്ലാകലക്റ്ററുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയത്.

70 ദ്വീപ് നിവാസികള്‍ കോഴിക്കോട് കല്ലായി റോഡിലെ ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജിലായിരുന്നു താമസം. ഇവര്‍ക്കുള്ള ഭക്ഷണം കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജില്‍ അഞ്ച് ദിവസത്തെ സൗജന്യ താമസവും ലോഡ്ജ് ഉടമകള്‍ അനുവദിച്ചു. മറ്റ് ചില സംഘടനകളും സഹായഹസ്തങ്ങളുമായി എത്തിയതും ഇവര്‍ക്ക് തുണയായി. എന്നാണ് ദ്വീപിലേക്ക് ഇവര്‍ മടങ്ങുന്നത് അന്നുവരെയുള്ള ഭക്ഷണം ലഭ്യമാക്കുമെന്ന് കപ്പല്‍ യാത്ര കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജിലെത്തി ജില്ലാ കലക്റ്റര്‍ യു.വി. ജോസെത്തി ദ്വീപ് നിവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി. ദ്വീപ് നിവാസികളില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് കലക്റ്റര്‍ മടങ്ങിയത്. റെവന്യു അധികൃതരും കൂടെയുണ്ടായിരുന്നു.

ലക്ഷദ്വീപിലെ കവരത്തി, അമേനി, കടമത്ത്, ക്ലിത്തം, മിത്ര, ചെത്തലത്ത് എന്നീ ദ്വീപുകളില്‍ നിന്നുള്ള 70 പേരാണ് ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജില്‍ താമസിക്കുന്നത്.

chandrika: