ചെന്നൈ: ബുധനാഴ്ച വൈകിട്ട് നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തും. തീരമേഖലയില്‍ ഇപ്പോള്‍ മഴയാരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ചെമ്പരാക്കം റിസര്‍വോയര്‍ തടാകത്തിന്റെ ഷട്ടറുകള്‍ തുറന്നതോടെ അഡയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലേക്ക് അടക്കമുള്‌ല ചെന്നൈയില്‍ നിന്നുള്ള 27 ട്രയിനുകളും ചെന്നൈ ബംഗളൂരു വിമാനങ്ങളും റദ്ദാക്കി.
ഒന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എം മഹാപത്ര വ്യക്തമാക്കിയത്. ആന്ധ്രാ പ്രദേശും സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളെ നിവാര്‍ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തം നേരിടുന്നതിനായി 22 എന്‍ഡിആര്‍എഫ് സംഘത്തെയും പത്ത് സംഘം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്ടറുകളും കപ്പലുകളും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും.