ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈയില്‍ രണ്ട് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടായിരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് തീരത്ത് നിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റെന്നും മണിക്കൂറില്‍ 25 കിലോമീറ്ററാണ് വേഗമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും. ഇന്ന് രാത്രിയിലോ നാളെ പുലര്‍ച്ചക്കോ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവംമൂലം തമിഴ്‌നാട്ടില്‍ ശക്തമായ മഴ ആരംഭിക്കും. വേദാരണ്യത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരമേഖലകളിലാകും കാറ്റ് ആഞ്ഞടിക്കുക. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.