ദന ചുഴലിക്കാറ്റിന്റെ മുന്‍ കരുതലിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം നാളെ വൈകീട്ട് ആറ് മണി മുതല്‍ 15 മണിക്കൂര്‍ അടച്ചിടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെയും എയര്‍ലൈന്‍ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ നാളെ വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ- ബംഗാള്‍ സര്‍ക്കാര്‍ നിരവധി ആളുകളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് വീശുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 200 ട്രെയിനുകള്‍ റദ്ദാക്കി.
800ലേറെ വിവിധോദ്ദേശ്യ ഷെല്‍ട്ടറുകളും സ്‌കൂള്‍, കോളജ് കെട്ടിടങ്ങളിലായി 500 താല്‍ക്കാലിക ക്യാമ്പുകളും ഒരുക്കി. ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.