X
    Categories: indiaNews

ദാന ചുഴലിക്കാറ്റ്: കനത്ത മഴയില്‍ ബംഗാളും ഒഡിഷയും

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയുടെ തീരദേശ ജില്ലകളിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും വീശിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 400 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. കൊല്‍ക്കത്ത തുറമുഖ അധികൃതര്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. ദാന ചുഴലിക്കാറ്റ് കണക്കിലെടുത്ത് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലും കനത്ത മഴ പെയ്തിരുന്നു. ഒഡീഷയില്‍ മുന്‍കരുതല്‍ നടപടിയായി ഏകദേശം 5.84 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ 3.5 ലക്ഷത്തിലധികം ആളുകളെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവയുടെ തീരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

webdesk17: