കൊച്ചി: ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ എഴുപത്തിയഞ്ചുകാരന് ലക്ഷങ്ങള്‍ നഷ്ടമായി. പണം നല്‍കിയതോടെ തട്ടിപ്പുകാര്‍ മുങ്ങി.
‘ബെംഗളൂരുവിലുള്ള നിങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണം’ എഴുപത്തിയഞ്ചുകാരന് വന്ന സന്ദേശം ഇങ്ങനെയായിരുന്നു. ബംഗളൂരു ട്രാഫിക് പൊലീസെന്ന വ്യാജേന പൊലീസ് യൂണിഫോം ധരിച്ച ഒരാളാണ് എഴുപത്തിയഞ്ചുകാരനോട് വിഡിയോയില്‍ സംസാരിച്ചത്.
തനിക്ക് ബെംഗളൂരുവില്‍ വാഹനമില്ലെന്ന് പറഞ്ഞെങ്കിലും ആധാര്‍ രേഖകള്‍ നല്‍കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ ആധാര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വയോധികന്റെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
നവംബര്‍ 22നാണ് ആദ്യം തട്ടിപ്പ് സംഘത്തിലെ ഒരു സ്ത്രി വാട്‌സ്ആപ്പ് വഴി വയോധികനെ ബന്ധപ്പെടുന്നത്. ബെംഗളൂരു ട്രാഫിക് പൊലീസില്‍ നിന്നാണെന്നാണ് പറഞ്ഞായിരുന്നു കോള്‍ വന്നത്. ഉടന്‍ തന്നെ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിക്കും എന്നുമറിയിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരന്‍ താന്‍ ജയാനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നാണെന്നു വയോധികനോട് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ പേരില്‍ എടുത്തിട്ടുള്ള കാര്‍ ഗുരുതരമായ അപകടത്തില്‍പ്പെട്ടെന്നും രേഖകള്‍ പരിശോധിക്കാന്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു.
ആധാര്‍ പരിശോധിച്ച ശേഷമായിരുന്നു അടുത്ത ഭീഷണി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിദേശത്ത് വലിയ തോതില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നായിരുന്നു പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്. വയോധികന്‍ ഇത് നിഷേധിച്ചെങ്കിലും എത്രയും വേഗം അക്കൗണ്ടിലുള്ള പണം റിസര്‍വ് ബാങ്കിന് പരിശോധിക്കാനായി തങ്ങള്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അദ്ദേഹം പണം കൈമാറി. പണം തിരികെ ആവശ്യപ്പെട്ട് വിളിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു.