ബംഗളൂരു: ഇന്ത്യയില്‍ വെബ് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ 6,31,000 സൈബര്‍ സുരക്ഷാ ഭീഷണികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സുരക്ഷാ ഉല്‍പന്നങ്ങളുടെയും പരിഹാരങ്ങളുടെയും സേവനദാതാക്കളായ ക്വിക് ഹീലിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പ്രതിദിനം 2,000 മാല്‍വെയറുകളും 3,000 തീര്‍ത്തും അനാവശ്യമായ ആപ്ലിക്കേഷനുകളും (പിയുഎ) 1,000 അഡ്വെയറുകളും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണി ഉയര്‍ത്തിയ മാല്‍വെയറുകള്‍ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍ വഴി പ്രചരിപ്പിച്ചവയാണ്. 46.2% ഉം പിയുഎ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീഷണി വര്‍ധിച്ചതായും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂരിഭാഗം ഉപയോക്താക്കളും ലാപ്‌ടോപ്പിലും കമ്പ്യൂട്ടറിലും സുരക്ഷാ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഫോണില്‍ അത്തരം ഉപാധികള്‍ അവഗണിക്കപ്പെടുന്നുണ്ട്.ഇത് സുരക്ഷാ സംവിധാനത്തെ ബാധിക്കുന്നതായും സൈബര്‍ കുറ്റവാളികള്‍ക്ക് അവസരം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ അധിഷ്ഠിത ഭീഷണികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.