ഫൈസല്‍ മാടായി
കണ്ണൂര്‍മാറിയകാലത്തും കായിക പരിശീലനങ്ങളിലുള്‍പ്പെടെ പ്രോത്സാഹനം നല്‍കുമ്പോഴും കൗമാര ശ്രദ്ധ സമൂഹമാധ്യമയിടങ്ങളില്‍. ഇന്റര്‍നെറ്റിന്റെ അമിതോപയോഗത്തില്‍ വിദ്യാര്‍ഥികളെ വിഷാദരോഗവും ഉല്‍ക്കണ്ഠയും പിടിമുറുക്കുന്നു.അവധിക്കാലത്തും വീടകങ്ങളില്‍ തളച്ചിടപ്പെടുന്ന സാഹചര്യമാണ് വിദ്യാര്‍ഥികളെ അമിത സമൂഹമാധ്യമ ഉപയോഗത്തിലേക്ക് നയിക്കുന്നത്. കോവിഡ്കാലം തങ്ങള്‍ക്കായി അനുവദിച്ചുകിട്ടിയ മൊബൈല്‍ ഫോണുപയോഗിച്ച് റീല്‍സും ഷോര്‍ട്‌സും ഉള്‍പ്പെടെയുള്ള കാഴ്ചകളില്‍ മയങ്ങുകയാണ് കൗമാരം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി സൈബര്‍ ലോകത്തെ ചൂഷണത്തിനിരയായി അപകടങ്ങളില്‍ പെടുന്നവരും കൗമാരക്കാരിലുണ്ട്.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇന്റര്‍നെറ്റിനോട് ആസക്തി കൂടിയതോടെ വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിച്ചതായാണ് സന്നദ്ധ സംഘടന പുറത്തുവിട്ട വിവരം. സംസ്ഥാനത്തെ 16 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ 457 വിദ്യാര്‍ഥികള്‍ക്കിടയില്‍ ‘കനല്‍’ എന്ന സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 66.5 ശതമാനം കുട്ടികളും ഉത്കണ്ഠയുടെ പിടിയിലാണെന്നാണ്.
62.3 ശതമാനം വിദ്യാര്‍ഥികള്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടി കളേക്കാളും ആണ്‍കുട്ടികള്‍ക്കിടയിലാണ് വിഷാദരോഗവും ഉത്കണ്ഠയുമേറെ; ഇത് 27.6 ശതമാനം വരും. വിഷാദരോഗത്തിനടിമകളായ 14.8 ശതമാനത്തിനും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്. അമിതമായ സമൂഹമാധ്യമ ഉപയോഗം വിദ്യാര്‍ഥികളുടെ മനോനിലയും താറുമാറാക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ വിവരം.
കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ലഹരി മാഫിയയും മുതലെടുക്കുന്നുണ്ട്. ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടെ നടക്കുമ്പോഴും കുട്ടികളുടെ മാനസികാരോഗ്യത്തിന് കരിക്കുലത്തില്‍ പ്രാധാന്യം നല്‍കണമെന്നാണ് പൊതുഅഭിപ്രായം. പൂര്‍ണമായും വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍നിന്ന് വിലക്കുന്നതിലല്ല, ഉപയോഗത്തില്‍ നിയന്ത്രണമാണ് വേണ്ടത്. അടിമയാക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഓണ്‍ലൈനില്‍ തീവ്രമാകുന്ന ബന്ധങ്ങളാണേറെയും. സൈബര്‍ രതി, ഓണ്‍ലൈന്‍ ഗെയിംസ്, വിവരങ്ങള്‍ ശേഖരിക്കുന്നതിലും അടിമ. ലക്ഷണങ്ങള്‍ അറിയാം. ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്‌കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം.കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വെബ്‌സൈറ്റ് തിരഞ്ഞെടുത്ത് നല്‍കാം.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമയം നിശ്ചയിക്കുക. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം വിലക്കുക. കുട്ടികളുമായി നന്നായി സംസാരിക്കുക. ആവശ്യമായ സൈറ്റുകള്‍ ഒഴികെ ബാക്കിയുള്ളവ ലോക്ക് ചെയ്യുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
ലഹരിപോലെ തന്നെ സമൂഹമാധ്യമങ്ങള്‍ക്കും അടിമയാകുന്ന സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ളത്. ഒരാള്‍ എങ്ങനെ ലഹരിക്ക് അടിമയാകുന്നുവോ അതേരീതിയിലാണ് സമൂഹമാധ്യമങ്ങളും പിടിമുറുക്കുന്നത്. സമൂഹമാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍, മുടക്കമുണ്ടാകുന്ന സാഹചര്യം പലകുട്ടികളിലും വിഷാദ രോഗാവസ്ഥയുണ്ടാക്കും. ഈ സമയങ്ങളില്‍ ദേഷ്യവും വാശിയും കൂടും.
ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കെ ഇടക്ക് പിടിച്ചുവാങ്ങിയാല്‍ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ തിരിച്ചുകൊടുത്താല്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. ലഹരി വസ്തുക്കളുടെ ഉപയോഗം എപ്രകാരമാണോ അതേഫലമാണ് ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും അടിമത്തം കുട്ടികളിലുണ്ടാക്കുന്നത്.