ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ വ്യാപകമായ വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. 1000 ല്‍ അധികം സ്‌കൂളുകളെയും കോളേജുകളേയും സര്‍വകലാശാലകളേയും ലക്ഷ്യമിട്ടാണ് സ്‌പെയര്‍ ഫിഷിങ് ആക്രമണം നടന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതെങ്കിലും ഒരു സ്ഥാപനത്തേയോ വ്യക്തിയേയോ ലക്ഷ്യമിട്ട് നടക്കുന്ന ഫിഷിങ് ആക്രമണമാണ് സ്‌പെയര്‍ ഫിഷിങ് (Spear Phish-ing)
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് മുമ്പും നടക്കുമ്പോഴും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോഴും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു പോലെ ശ്രദ്ധിക്കണമെന്ന് ബരാക്കുഡ നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ-കണ്‍ട്രി മാനേജര്‍ മുരളി ഉര്‍സ് പറഞ്ഞു.
എല്ലാ സിസ്റ്റത്തിലും ആന്റി വൈറസ് സംരക്ഷണം ഉണ്ടായിക്കൊള്ളണം എന്നില്ല. ഇത്തരം ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് എല്ലാവരും ബോധവാന്മാരായിക്കൊള്ളണമെന്നുമില്ല. ശരിയായ സൈബര്‍ സുരക്ഷാ സംവിധാനങ്ങളില്‍ നിക്ഷേപം നടത്തുന്നതും പ്രതിരോധ രീതികളെ കുറിച്ച് ബോധവാന്മാരായിരിക്കുന്നതും അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് കൂടുതലും ഫിഷിങ് ആക്രമണം നടത്തുന്നത്. പ്രിന്‍സിപ്പാള്‍, ഡിപ്പാര്‍ട്ട് മെന്റ് മേധാവി, പ്രസിഡന്റ് എന്നിവരുടെയെല്ലാം ഇമെയില്‍ ഐഡികള്‍ക്ക് സമാനമായ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഇവ ആളുകളെ കബളിപ്പിക്കുന്നത്.