X

അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം; രൂക്ഷമായി പ്രതികരിച്ച് സൈബര്‍ സഖാക്കള്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചിന്ത ജെറോമിനെതിരെ സൈബര്‍ സഖാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്.

വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് അമ്മയടക്കമുള്ളവരെ ആശ്വസിപ്പിക്കുന്നതിന്റെയും അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ചിന്ത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛന്‍, കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ് എന്ന് തുടങ്ങുന്ന കുറിപ്പുമായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വിറളിപ്പൂണ്ട സൈബര്‍ സഖാക്കള്‍ ചിന്ത ജെറോമിനെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.

സെല്‍ഫി നന്നായിട്ടുണ്ട്. യുവജന കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇട്ട പോസ്റ്റും നന്നായിട്ടുണ്ട്. പക്ഷെ നിങ്ങള്‍ മറന്നു പോയി നടന്നു വന്ന കാല്‍ പാദങ്ങള്‍ എങ്ങിനെ ഉള്ളതായിരുന്നെന്ന്. ഇതുപോലെ ഒരുപാട് അഭിമന്യുമാര്‍ മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിച്ചതിന്റെയും രക്തം ചിന്തിയതിന്റെയും പരിണിത ഫലമാണ്. ഇന്ന് ചിന്തയുടെ അര്‍ദ്ധ ജുഡീഷ്യറി കസേര. അത് വിസ്മരിച്ചു പോകുന്നു നിങ്ങള്‍. അധികാരത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ രക്തസാക്ഷിയെന്നു പറയാന്‍ പോലും അറുപ്പാണല്ലേയെന്നും ഇത് സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നും ഇത്തരം പൈങ്കിളി സാഹിത്യം നിര്‍ത്തൂ തുടങ്ങി കമന്റുകളാണ് ചിന്തയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസിന് നക്കാന്‍ ഒരു ലക്ഷത്തോളം സാലറി കിട്ടുന്നില്ലേ? അതും വാങ്ങി ഇരുന്നാ പോരെ? മരിച്ച വീട്ടില്‍ പോയി പോട്ടം പിടിച്ചു ഇട്ടേക്കുന്നു ഉളുപ്പില്ലാത്ത സ്ത്രീയെന്നും ചിലര്‍ എഴുതി.

”സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ…. ഹൃദയം നീറുന്നു…”-ഇതായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റ്.

അഭിമന്യുവിന്റെ കൊലപാതകതിനു പിന്നില്‍ ആരെന്ന് പറയാത്തതും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞതുമാണ് ചിന്തയ്‌ക്കെതിരെ തുനിയാന്‍ കാരണമായത്. ഏതായാലും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കള്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷനെതിരെ തിരിയുന്നത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണിപ്പോള്‍.

 

chandrika: