X

സൈബര്‍ വലയില്‍ പിടഞ്ഞു തീരുന്നവര്‍-എഡിറ്റോറിയല്‍

അനന്തവും അജ്ഞാതവുമായി ഓണ്‍ലൈന്‍ പ്രപഞ്ചം വളര്‍ന്നുവികസിക്കുകയാണ്. അതിരുകളില്ലാതെ പുതിയൊരു മാസ്മരിക ലോകമാണ് മനുഷ്യനുമുന്നില്‍ തുറന്നുവെക്കപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങളും നിയമാവലികളുമില്ലാത്ത സൈബര്‍ പ്രതലത്തിലേക്ക് ജീവിതവ്യവഹാരങ്ങള്‍ അത്രയും പറിച്ചുനടനാള്ള ശ്രമങ്ങള്‍ അതിവേഗം തുടരുകയാണ്. ഉപയോഗിക്കുംതോറും ആഴവും പരപ്പും കൂടിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ലോകത്ത് പാര്‍പ്പിടങ്ങള്‍ കെട്ടാനുള്ള വ്യഗ്രതയിലാണ് മനുഷ്യരാശി. മതവും സംസ്‌കാരവും കലയും സമ്പദ്ഘടനയുമെല്ലാം സൈബറിലേക്ക് ചേക്കേറുകയാണ്. നാണയത്തിന്റെ കിലുക്കങ്ങളില്ലാതെ വിനിമയങ്ങളും മൈതാന പ്രസംഗത്തിന്റെ ആരവങ്ങളില്ലാതെ മഹാസമ്മേളനങ്ങളും ഓണ്‍ലൈനിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ വിരല്‍തുമ്പിലെത്തിയതോടെ ഷോപ്പിങിനും കച്ചവടത്തിനും പുതിയ ഇടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. കലകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചുവടുറപ്പിച്ചുതുടങ്ങിയതോടെ വിനോദശാലകളിലും ആളൊഴിഞ്ഞുതുടങ്ങി. അധ്യാപനവും പഠനവുംകൂടി ഓണ്‍ലൈനിലേക്ക് ഒതുങ്ങുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വിലയില്ലാതാവുകയാണ്. അലച്ചിലും അലട്ടലുമില്ലാതെ വീടിന്റെ അകത്തളത്തില്‍നിന്ന് ജീവിതത്തെ കൈപിടിയിലൊതുക്കാന്‍ സൈബര്‍ ലോകത്ത് കറങ്ങുകയാണ് നമ്മള്‍.

ജീവിതം മുഴുക്കെയും ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ചതിക്കുഴികളും കുരുക്കുകളുമായി കൊള്ളക്കാരും തട്ടിപ്പുകാരും സൈബര്‍ ഒളിസങ്കേതങ്ങളില്‍ പാര്‍പ്പുറപ്പിച്ചുകഴിഞ്ഞു. വീട് കുത്തിതുറന്നും ഉറക്കൊഴിച്ചും തടി കേടാക്കാതെ അവര്‍ സൈബര്‍ ലോക്കറുകള്‍ തുരന്നുതുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ സൈബര്‍ കൊള്ളകള്‍ പതിവ് സംഭവങ്ങളായിമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം തൃശൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാലുകാരന്‍ അത്തരമൊരു കൊള്ളസംഘത്തിന്റെ ഇരകളില്‍ ഒരാള്‍ മാത്രം. അറിഞ്ഞും അറിയാതെയും അനേകായിരങ്ങളാണ് ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴുന്നത്. കേരളത്തില്‍ ഇത്തരം തട്ടിപ്പിനിരയായി സ്വത്തും ജീവനും നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഓണ്‍ലൈന്‍ കൊള്ളസംഘങ്ങള്‍ ലക്ഷ്യംവെക്കുന്നത്. കുട്ടികളുടെ കൈയില്‍ മൊബൈല്‍ ഏല്‍പ്പിച്ച് സ്വസ്ഥത കണ്ടെത്താന്‍ ശ്രമിക്കുന്ന രക്ഷിതാക്കളില്‍ പലരും ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ചോര്‍ന്നുപോകുമ്പോള്‍ മാത്രമാണ് ഉണരാറ്. അഞ്ച് മാസം മുമ്പ് ഛത്തീസ്ഗഡില്‍ ഒരു അധ്യാപികയുടെ പന്ത്രണ്ട് വയസുള്ള മകന്‍ ഓണ്‍ലൈന്‍ ഗെയിമിനുവേണ്ടി തുലച്ചത് 3.2 ലക്ഷം രൂപയാണ്. പൊലീസില്‍ പരാതികളായും ആത്മഹത്യ വാര്‍ത്തകളായും പുറത്തുവന്നവരുന്ന സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. അതിനപ്പുറം തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെടുകയും മാനഹാനി ഭയന്ന് വിവരം സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ഏറെയുണ്ട്. ഓണ്‍ലൈന്‍ സംവിധാനങ്ങളിലുള്ള അതിരുകടന്ന വിശ്വാസവും ജാഗ്രതക്കുറവുമാണ് ഇതിനെല്ലാം കാരണം.

ഇന്റര്‍നെറ്റിന്റെ മാസ്മരിക വലയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കുരുങ്ങുന്നുണ്ട്. മുതിര്‍ന്നവരുടെ അജ്ഞതയും തട്ടിപ്പുകാര്‍ ചൂണ്ടയിട്ട് നല്‍കുന്ന ഇരയെ കുട്ടികള്‍ അനായാസം വിഴുങ്ങുമെന്നതും ദുരന്തവ്യാപ്തി കൂട്ടുന്നു. നിയമസംവിധാനങ്ങള്‍ക്ക് പിടികൊടുക്കാതെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അനായാസം രക്ഷപ്പെടാന്‍ സാധിക്കും. വിജ്ഞാന വിസ്‌ഫോടനത്തിനും അറിവിന്റെ കുത്തൊഴുക്കിനും ഇന്റര്‍നെറ്റ് ഉപകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, അതുകൊണ്ടുള്ള നന്മ, തിന്മകള്‍ വിവേചിച്ചറിയാനുള്ള പരിജ്ഞാനംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഭരണകൂടങ്ങളുടെയും പൊലീസിന്റെയും സജീവ ബോധവത്കരണങ്ങള്‍ അനിവാര്യമാണ്. അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും വൈകിക്കൂട. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ കൗമാരക്കാരുടെ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ചോര്‍ന്നുപോകുന്നത് പലരും അറിയുന്നത് എല്ലാം നഷ്ടപ്പെട്ട ശേഷമായിരിക്കും.

തട്ടിപ്പിന്റെ വലയില്‍ കുരുങ്ങി വിലപിക്കുന്ന കുട്ടികളെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ട് ഫലമില്ല. വീണ്ടുവിചാരമില്ലാത്ത ഇത്തരം നീക്കങ്ങള്‍ അവരെ ആത്മഹത്യയില്‍ എത്തിച്ചേക്കും. പൊലീസ് സേനയില്‍ സൈബര്‍ സെല്ലുകള്‍ സജീവമാണെങ്കിലും ഓണ്‍ലൈന്‍ ഒളിസങ്കേതങ്ങളില്‍നിന്ന് അവരെ പൊക്കിയെടുക്കുയെന്നത് അത്ര എളുപ്പമല്ല. ജാഗ്രതയും ഓണ്‍ലൈന്‍ മേഖലയെക്കുറിച്ചുള്ള അറിവുമാണ് പ്രധാനം. വിലപ്പെട്ട മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കൊടുത്ത് കുട്ടികളെ കടിഞ്ഞാണില്ലാതെ വിടുന്നതിന്റെ തിക്തഫലമാണ് മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന ദുരന്ത വാര്‍ത്തകള്‍. കുട്ടികള്‍ കണക്കിലേറെ പണം നല്‍കുന്നതും സ്വന്തമായി കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുന്നതും അവരെ ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമകളാക്കി മാറ്റും. സ്വന്തം മക്കളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും കൃത്യമായി നിരീക്ഷിക്കാനും മുതിര്‍ന്നവര്‍ സമയം കണ്ടെത്തിയേ തീരൂ. ഓണ്‍ലൈനിന്റെ വിസ്മയ ലോകത്ത് പുതുമകള്‍ തേടി അലയുമ്പോള്‍ ജീവിത മൂല്യങ്ങള്‍ തുരുമ്പെടുക്കുന്നതും വിലങ്ങുവെക്കപ്പെടുന്നതും അറിയാതെ പോകരുത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടിവരില്ല.

 

Test User: