X

പിഎഫിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; വയോധിക ദമ്പതികള്‍ക്ക് 4 മാസത്തിനിടെ നഷ്ടമായത് നാലു കോടി

പ്രൊവിഡന്റ് ഫണ്ടിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരായായി വയോധിക ദമ്പതികള്‍. ദക്ഷിണ മുംബൈ സ്വദേശികളായ ദമ്പതികള്‍ക്കാണ് തട്ടിപ്പിലൂടെ നാലു കോടി രൂപ നഷ്ടമായത്. നേരത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരായിരുന്നു ഇരുവരും.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് പരാതിക്കാരിയ്ക്ക് ആദ്യം ഒരു ഫോണ്‍കോള്‍ ലഭിക്കുന്നത്. ഒരു യുവതിയാണ് വിളിച്ചതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു.ഇവരുടെ ഭര്‍ത്താവ് നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുടെ പേരും പാന്‍ കാര്‍ഡ് നമ്പറും റിട്ടയര്‍മെന്റ് വിശദാംശങ്ങളും നല്‍കിയാണ് തട്ടിപ്പ് സംഘം പരാതിക്കാരിയെ വിശ്വസിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

തന്റെ ഭര്‍ത്താവിന്റെ കമ്പനി പ്രൊവിഡന്റ് ഫണ്ടില്‍ 4 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നും അത് 20 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ പതിനൊന്ന് കോടി രൂപയായിട്ടുണ്ടെന്നും പറഞ്ഞാണ് വിളിച്ചവര്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് ഈ തുക ലഭിക്കാനായി ടിഡിഎസ്, ജിഎസ്ടി, ആദായനികുതി എന്നിവയ്ക്കുള്ള തുക അടയ്ക്കാനും പണം കൈമാറാനും ആവശ്യപ്പെട്ടു.അങ്ങനെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് സംഘം നല്‍കിയ അക്കൗണ്ടിലേക്ക് ദമ്പതികള്‍ പണം കൈമാറിയത്.

എന്നാല്‍ ഈ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമായതിനെ തുടര്‍ന്ന് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 4 കോടി രൂപയായിരുന്നു. അക്കൗണ്ടിലെ പണം മുഴുവന്‍ പിന്‍വലിക്കാനായി ഏകദേശം പന്ത്രണ്ടോളം ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം ഉപയോഗിച്ചതായും പോലീസ് പറയുന്നു.അതേസമയം പണം കൈമാറി 4 മാസത്തിനുശേഷമാണ് ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി നഷ്ടമാകുന്നത്.

തുടര്‍ന്ന് ഇക്കാര്യം അന്ന് വിളിച്ചവരെ അറിയിച്ചെങ്കിലും ഉടന്‍തന്നെ മറ്റൊരാള്‍ തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ദമ്പതികള്‍ പരാതിയില്‍ പറഞ്ഞു. ഇവര്‍ അടച്ച തുക മരവിപ്പിക്കുമെന്നും ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി വീട്ടില്‍ എത്തുമെന്നുമായിരുന്നു ഭീഷണി എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

webdesk13: