വാട്സ്ആപ് വഴിയുള്ള തട്ടിപ്പുകളിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ബി.പി.ആർ.ഡി). വാട്സ്ആപ്പിലൂടെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും പെരുകുന്നതിനിടെയാണ് പുതിയ ജാഗ്രത നിർദേശം. മിസ്ഡ് കോളുകൾ, വിഡിയോ കോളുകൾ, ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിൽ തട്ടിപ്പ്, ആൾമാറാട്ടം, ഹൈജാക്കിങ്, സ്ക്രീൻ ഷെയർ എന്നിവ ഉൾപ്പെടുന്ന ഏഴ് തട്ടിപ്പുകൾ ബി.പി.ആർ.ഡി ചൂണ്ടിക്കാട്ടുന്നു.
ഹൈജാക്കിങ്ങിലൂടെ വാട്സ്ആപ് അക്കൗണ്ടിൽ കയറുകയും കള്ളപ്പേരിൽ പണം ചോദിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്നുള്ള വാട്സ്ആപ് വിഡിയോ കോളുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നു. നഗ്നതയടക്കം പ്രദർശിപ്പിക്കുന്ന ഇത്തരം വിഡിയോ കോളുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. വിയറ്റ്നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കോഡുകളിൽനിന്ന് ആരംഭിക്കുന്ന നമ്പരുകളിൽനിന്നുള്ള മിസ്ഡ് കോളുകൾ വഴിയും തട്ടിപ്പ് വ്യാപകമാണ്.
ആൾമാറാട്ടത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് നടിച്ചാണ് തട്ടിപ്പ്. ഒരു സ്ഥാപനമേധാവിയുടെ അതേ വാട്സ്ആപ് നമ്പറിൽനിന്ന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ച് പണം തട്ടാനാണ് ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളിൽനിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നത്. ‘ഉന്നത ഉദ്യോഗസ്ഥൻ’ ലിങ്കുകളിലേക്ക് അത്യാവശ്യമായി പണമയക്കാൻ ആവശ്യപ്പെടുമ്പോൾ സഹപ്രവർത്തകർ പെട്ടെന്ന് പണം കൈമാറുന്ന സംഭവങ്ങളുമുണ്ട്.
വാട്സ്ആപ് അടുത്തിടെ പുറത്തിറക്കിയ ‘സ്ക്രീൻ ഷെയർ’ സംവിധാനം തട്ടിപ്പിന് സഹായമേകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായി തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നതും ഫോണിലെ വിവരങ്ങൾ പങ്കിടാൻ സൂത്രത്തിൽ സമ്മതിപ്പിക്കുന്നതും വ്യാപകമാണ്. തട്ടിപ്പുകാർ അയക്കുന്ന ലിങ്കിലെ ആപ്പോ സോഫ്റ്റ്വെയറോ ഇരയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ബാങ്ക് വിശദാംശങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ വിവരങ്ങൾ ചോർത്തും.
മുൻകരുതൽ എന്ന നിലയിൽ വാട്സ്ആപ് അക്കൗണ്ടിൽ ‘ടുഫാക്ടർ ഓതന്റിക്കേഷൻ’ ഉറപ്പുവരുത്തണം. സംശയാസ്പദവും പരിചയമില്ലാത്തതുമായ കോളുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പെന്ന് തോന്നുന്ന നമ്പറുകൾ റിപ്പോർട്ടുചെയ്ത് ബ്ലോക്കാക്കണമെന്നും ബി.പി.ആർ.ഡി നിർദേശിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വാട്സ്ആപ് അധികൃതരെ സർക്കാർ വിവരമറിയിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും മറ്റും ഔദ്യോഗിക വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നും ബി.പി.ആർ.ഡി പറയുന്നു.